കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്‍ക്കും ഉള്ളത്. മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡിനെ ചെറുക്കാനുള്ള ശ്രമത്തിലാണ് നാം ഓരോരുത്തരും. കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യത്തെക്കുറിച്ച് വായിക്കാം...

മാനസികരോഗം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയവും തെറ്റിധാരണയും നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അടുത്ത കാലത്തായി ഈ വേര്‍തിരിവില്‍ ചെറിയതായി മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാലും ഒരു വിഭാഗത്തിനിടയില്‍ ഇപ്പോഴും ഈ ഭയം നിലനില്‍ക്കുന്നു. ഹൃദ്രോഗം ഹൃദയത്തേയും ശ്വാസകോശരോഗം ശ്വാസകോശത്തെയും ബാധിക്കുന്നതുപോലെ മാനസികരോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ വൈകല്യവും സാമൂഹിക സാഹചര്യങ്ങളും മൂലം ആബാലവൃദ്ധം ജനങ്ങളിലും മാനസികാരോഗം വരാം എന്ന ധാരണ ഉണ്ടാകണം. ജനിതകഘടകങ്ങളും തലച്ചോറിലെ രാസ പദാര്‍ഥങ്ങളുടെ വ്യതിയാനവും കൂടി കാരണങ്ങളാണ്. ലോകത്ത് അഞ്ചില്‍ ഒരാള്‍ക്കു മാനസികരോഗം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ കോവിഡ് കാലത്ത് അഞ്ചു വിഭാഗങ്ങളിലായാണ് മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്.

1. മാനസിക രോഗാവസ്ഥയില്‍ ഉണ്ടായിരുന്നവര്‍

മാനസികരോഗം ഉള്ളവരിലും നിലവില്‍ മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവരിലും വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനിടയുണ്ട്. കാരണം മരുന്നിന്റെ ലഭ്യതക്കുറവ്, മാനസികസമ്മര്‍ദം, തൊഴില്‍ നഷ്ടം എന്നിവ മൂലം നിലവിലെ രോഗാവസ്ഥയില്‍ വ്യത്യാസം ഉണ്ടാകുന്നു. ഒരു സൈക്യാട്രിസ്റ്റിന് രോഗിയുമായി നേരിട്ടു സംസാരിക്കുന്നതാണ് ഏറ്റവും ഫലപ്രദമായത്. നിലവിലെ സാഹചര്യത്തില്‍ ടെലി കണ്‍സള്‍ട്ടിംഗ് ഉണ്ടെങ്കിലും അത് ഫലപ്രദമായി വിനിയോഗിക്കാന്‍ അറിയാത്ത രോഗികളും ഉണ്ടാകാം. ഇത്തരം സാഹചര്യവും രോഗാവസ്ഥ ഗുരുതരമാക്കും.

2. ചെറിയ മാനസിക പ്രശ്‌നമുണ്ടെങ്കിലും ഇതുവരെ മരുന്നു ഉപയോഗിക്കാത്തവര്‍

ബോര്‍ഡര്‍ ലൈന്‍ പ്രശ്‌നമുള്ളവരാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. അതായത് മാനസിക പ്രശ്‌നമുണ്ടെങ്കിലും നേരത്തെ ചികിത്സ തേടുകയോ മരുന്നു കഴിക്കുകയോ ചെയ്യാത്തവരായിരിക്കും ഇക്കൂട്ടര്‍. ഒറ്റപ്പെടല്‍, തൊഴില്‍ നഷ്ടം, കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം ഏറെ ദിവസം വീട്ടില്‍ത്തന്നെയിരിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്നിവ ഇവരെ ബാധിച്ചേക്കാം. ഇവയെല്ലാം ഇത്തരക്കാരില്‍ പുതിയ രോഗാവസ്ഥയ്ക്ക് കാരണമാകും. ഇവരിലെ രോഗാവസ്ഥ പെട്ടെന്ന് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചികിത്സ വേണ്ടിവന്നേക്കാം.

3. ആരോഗ്യമുള്ള ആളുകളില്‍ പെെട്ടന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ലോക്ഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്. സാമൂഹിക തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളും വിഷയമാകാറുണ്ട്. അതായത് പ്രായമായവര്‍ക്ക് റിവേഴ്‌സ് ക്വാറന്‍ൈറന്‍, അവരുടെ സുരക്ഷയെ മുന്‍കരുതി ഏര്‍പ്പെടുത്തുന്നതാണെങ്കില്‍ കൂടി അത് അവരില്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. വിദേശത്തുള്ള മക്കളെയോ കൊച്ചുമക്കളെയോ കാണാതെ വരുമ്പോള്‍ ഇവരില്‍ ഒറ്റപ്പെടലിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ വച്ച് അവരെ മാറ്റിനിറുത്തുന്ന സമീപനം ഒന്ന് മാറ്റി നിര്‍വചിക്കേണ്ടിയിരിക്കുന്നു. കാരണം 65 വയസുള്ള രക്തസമ്മര്‍ദ്ദമോ പ്രമേഹമോ ഇല്ലാത്ത ആള്‍ക്കാണോ അതേ 45 വയസുളള കാന്‍സറും ജീവിതശൈലി രോഗങ്ങളുമുള്ള ആള്‍ക്കാണോ റിസ്‌ക് കൂടുതല്‍ എന്നതിനെക്കുറിച്ച് ചിന്തിക്കണം. അതിനാല്‍ത്തന്നെ റിവേഴ്‌സ് ക്വാറന്‍ൈറന്‍ പ്രായാധിഷ്ഠിതമല്ലെന്നാണ് എന്റെ പക്ഷം.


4. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍

കോവിഡ് പശ്ചാത്തലംമൂലം സ്ത്രീകള്‍ ജോലിക്കു പോകാനാവാതെ വീട്ടിലിരിക്കുന്ന സ്ഥിതിവിശേഷം ഇന്നുണ്ട്. ഇതു സ്ത്രീകളില്‍ മാനസികസര്‍ദവും ഒറ്റപ്പെടലും വര്‍ധിപ്പിക്കുന്നു. കുടുംബജീവിതവും ജോലിയും സാമൂഹിക ജീവിതവും ഒരുമിച്ചുകൊണ്ടുപോകുന്നവരാണ് സ്ത്രീകളില്‍ ഏറെയും. കുടുംബജീവിതത്തിലും തൊഴിലിലും പ്രശ്‌നമുണ്ടാകുമ്പോള്‍ സാമൂഹിക ജീവിതത്തിലൂടെയാണ് അവര്‍ അത് തരണം ചെയ്യുന്നത്. ഇവിടെയും നേരത്തെത്തന്നെ മാനസികപ്രശ്‌നമുള്ളവര്‍, സാധ്യതയുള്ളവര്‍, പുതുതായി രോഗസാധ്യതയുള്ളവര്‍ എന്നിവരെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരേപ്പോലെ ബാധിക്കും.


ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്നപ്പോഴുള്ള സമയം കുടുംബത്തോടൊപ്പം ഫലപ്രദമായി വിനിയോഗിച്ച സ്ത്രീകളുണ്ടെന്ന കാര്യം വാസ്തവം തന്നെയാണ്. പുരുഷന്മാരുടെ കാര്യമെടുത്താല്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരില്‍ അതിന്റെ ലഭ്യത കുറഞ്ഞതോടെ വിഡ്രോവല്‍ സിന്‍ഡ്രം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായവരുണ്ട്. വീട്ടിലിരിക്കുമ്പോഴുള്ള ഒറ്റപ്പെടലും മാനസികസര്‍ദവുമൊക്കെ ബന്ധപ്പെട്ട് വനിത കമ്മീഷനിലേക്കും നാഷണല്‍ ഹെല്‍ത്ത് ലൈനിലേക്കുമൊക്കെ പ്രതിദിനം ധാരാളം ഫോണ്‍ കോളുകളാണ് വരുന്നത്.

5. കുഞ്ഞുങ്ങളുടെ വിഷമതകള്‍

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം തന്നെ മാറിയിരിക്കുന്നു. ക്ലാസ്മുറികള്‍ വിട്ട് ഗൂഗിളും അനുബന്ധ സാധനങ്ങളും ഉണ്ടെങ്കില്‍ ഇന്ന് പഠിച്ച് പാസാകാമെന്നായി. മുമ്പ് ഗാഡ്ജറ്റ് അഡിക്ഷനെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന നള്‍ക്കിപ്പോള്‍ കുഞ്ഞുങ്ങളുടെ ശിക്ഷണമാര്‍ഗം അതായി മാറിയിരിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ കുഞ്ഞുങ്ങള്‍ക്കും വഴങ്ങുമെന്നായി. നല്ല അധ്യാപകന്റെ ക്ലാസ് ഏതാണെന്നും അല്ലാത്ത ക്ലാസിനുള്ള റിസോഴ്‌സ് എവിടെനിന്നു കിട്ടുമെന്നും നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോള്‍ അറിയാം. പഠനം വീട്ടിനുള്ളിലിരുന്ന് മൊബൈല്‍ ഫോണിലേക്കും കംപ്യൂട്ടറിലേക്കും വഴിമാറിയപ്പോള്‍ കുികളുടെ ശാരീരിക വ്യായാമം നഷ്ടമായി എന്നുള്ള വസ്തുത നാം വിസ്മരിക്കരുത്. പുറത്തിറങ്ങിയും വെയില്‍കൊണ്ടും മറ്റും വളര്‍ന്നിരുന്ന കുട്ടികള്‍ക്ക് അതെല്ലാം നഷ്ടമായി. അവര്‍ക്ക് നഷ്ടമായ ആ സാമൂഹിക ജീവിതം തിരിച്ചുപിടിക്കണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണരീതിയും അവലംബിക്കണം.

ഗാഡ്ജറ്റുകള്‍ ആരോഗ്യകരമായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരിക്കണം കുഞ്ഞിന് ഉണ്ടാകേണ്ടത്. പതിനെട്ടുവയസില്‍ നിങ്ങളുടെ കുഞ്ഞ് ബൈക്ക് ഓടിക്കില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ കുട്ടി മൊബൈല്‍ ഫോണില്‍ എന്തൊക്കെ നോക്കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. മൊബൈല്‍ ഫോണിലെ ചതിക്കുഴിയെക്കുറിച്ച് രക്ഷിതാവ് അറിഞ്ഞിരിക്കണം. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിന്റെ എല്ലാ വശങ്ങളും അറിയാമെന്നു ഫാഷനുവേണ്ടി പറയുന്ന മാതാപിതാക്കള്‍ ഉണ്ട്. എന്നാല്‍, മാതാപിതാക്കള്‍ക്ക് ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പ്രായോഗികജ്ഞാനം പോലും പലപ്പോഴും കാണില്ല. ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഗാഡ്ജറ്റ് ഉപയോഗമാണ് ഉണ്ടാകേണ്ടത്.

പാചകവും വൃത്തിയാക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സാഹചര്യത്തില്‍ ചെയ്യാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണം. ഗൂഗിള്‍ ഉണ്ടെങ്കില്‍ എന്തു ഭക്ഷണവും എവിടെനിന്നും ഓര്‍ഡര്‍ ചെയ്യാമെന്നും ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും കൊണ്ടുപോകാന്‍ ആളുവരുമെന്നും കണ്ട് ജീവിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഈ കൊറോണക്കാലത്ത് മനുഷ്യബന്ധങ്ങളെക്കുറിച്ച് അറിയാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണം. റേഷന്‍ കടയില്‍പോയി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കുഞ്ഞുങ്ങളെ കൂടെക്കൂട്ടണം. കപടശാസ്ത്രത്തിന്റെ വ്യാപനം തടയുന്നതിനൊപ്പം ശാസ്ത്രീയ അറിവുകളുടെ വ്യാപനം ഉണ്ടാകണം.

എന്നാലും കുറേ നാളത്തേക്ക് സോപ്പും സാനിറ്റൈസറും മാസ്‌കുമൊക്കെ നമ്മെ നയിക്കുമെന്നും ഈ തലമുറ അടച്ചുപൂട്ടി കഴിഞ്ഞില്ലേയെന്നും അവരോട് പറയാം. ഏതു പ്രതിസന്ധിയെയും അവസരമാക്കിയെടുക്കുന്ന പോലെ ഈ കാലത്തെയും അവസരമാക്കിയെടുത്ത് മുന്നോട്ടു പോകാന്‍ നമുക്കാവണം. ഈ അതിജീവനത്തിന്റെ അനുഭവം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വലിയൊരു പാഠമാകണം.

തയാറാക്കിയത് സീമ മോഹന്‍ലാല്‍

മോഹന്‍ റോയി
അസി.പ്രഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്യാട്രി ആര്‍എംഒ, മെഡിക്കല്‍ കോളജ്
തിരുവനന്തപുരം