നിശബ്ദ വിജയം
നിശബ്ദ വിജയം
Monday, February 22, 2021 4:00 PM IST
തന്‍റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫിയ എം. ജോ വിധിയോടു പൊരുതി നേടിയ അഭിമാനനേട്ടങ്ങളിൽ ഒടുവിൽ എത്തിയിരിക്കുന്നത് പ്രൊഫഷണൽ ബൈക്ക് റേസ് ട്രെയിനിംഗ് അവസാനഘട്ടം പൂർത്തിയാക്കി നിൽക്കുന്ന പെൺകുട്ടി എന്ന പദവിയാണ്. ഒരുപക്ഷേ, ലോകത്തിൽ തന്നെ ഈ നേട്ടം കൈയടക്കിയ ഭിന്നശേഷിക്കാരി ഇല്ലായിരിക്കാം. ഫാഷൻ സ്റ്റൈലിസ്റ്റ്, കേരളത്തിൽ ആദ്യമായി വാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ഭിന്നശേഷിക്കാരി, മിസ് ഡഫ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ആറാം സ്ഥാനം നടിയ വ്യക്തി, മോഡൽ, അത്‌ലറ്റ്, സിനിമാനടി... സോഫിയയുടെ വിശേഷണങ്ങൾ ഇങ്ങനെ നീണ്ടുപോകുന്നു.

ഡ്രൈവിംഗ് ലൈസൻസ് എന്ന നേട്ടം

ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ ജീവനക്കാരനായിരുന്ന തൃപ്പൂണിത്തുറ എരൂർ കല്ലുപ്പുരയ്ക്കൽ ജോ ഫ്രാൻസിസിന്റെയും എരൂർ ഭവൻസ് സ്‌കൂൾ അധ്യാപിക ഗൊരേറ്റി ജോയുടെയും രണ്ടുമക്കളിൽ മൂത്തയാളാണ് സോഫിയ. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ചമ്പക്കരയിലെ വീട്ടിൽ നിന്ന് എരൂരിലെ ഭവൻസ് സ്‌കൂളിലേക്ക് സോഫിയ സൈക്കിൾ ചവിട്ടി പോകുന്നതുകണ്ട് പരിഹസിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഏറെയുണ്ട്. കുട്ടികൾ സൈക്കിളിൽ സ്‌കൂളിൽ വരരുതെന്നു സ്‌കൂൾ അധികൃതർ സർക്കുലർ ഇറക്കി. പക്ഷേ ജോയും ഗൊരേറ്റിയും മകൾക്കൊപ്പം നിന്നു. കേൾവിയില്ലാത്തവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സാധാരണ മാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവിംഗ് ലൈസൻസ് നൽകാമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധി പിന്തുടർന്ന് ജോ ഫ്രാൻസിസ് മകൾക്കായി കേരളത്തിൽ ലൈസൻസിനു ശ്രമം തുടങ്ങി. ഡ്രൈവിംഗ് ലൈസൻസ് നേടിയെടുക്കാൻ മകൾക്കു വലിയൊരു പോരാട്ടം തന്നെ വേണ്ടിവന്നുവെന്നു ജോ ഫ്രാൻസിസ് പറയുന്നു. ''ലൈസൻസിനുവേണ്ടി ഓഡിയോഗ്രാം നടത്താൻ കൊച്ചിയിലെ ഇഎൻടി ഡോക്ടർമാർ വിസമ്മതിച്ചു. ഒടുവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഇഎൻടി സർജനായ ഡോ.സി.എസ് രേണുകയാണ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് തന്നത്. പലരും കളിയാക്കി, നിരുത്സാഹപ്പെടുത്തി. നോർമലായവർക്കു ചെയ്യാൻ പറ്റുന്നില്ല. പിന്നെയാണീ ചെവി കേൾക്കാത്ത കുട്ടിക്ക്... താൻ എന്തൊരു അപ്പനാടോ എന്നു പലരും ചോദിച്ചു.

ലൈസൻസ് ടെസ്റ്റിനു ചെന്നപ്പോൾ എങ്ങനെ ഓടിക്കുമെന്ന് എഎംവി ചോദിച്ചു. മറ്റു പരിഗണനയൊന്നും വേണ്ട, താൻ ചെയ്തു കാണിക്കാമെന്ന് അവൾ പറഞ്ഞു, മോള് കൂളായി വണ്ടിയെടുത്തു. ആദ്യ ടെസ്റ്റിൽ തന്നെ ടൂ വീലർ, ഫോർവീലർ ലൈസൻസ് സോഫിയയ്ക്കു ലഭിച്ചു.' ലൈസൻസ് കിട്ട്ുന്നതിനായി മകൾ നടത്തിയ പോരാട്ടത്തെക്കുറിച്ച് ജോ പറഞ്ഞു നിറുത്തി.

ബൈക്ക് ഓടിക്കുന്നതിലും കാർ ഡ്രൈവിംഗിലുമൊക്കെ കമ്പമുള്ള സോഫിയ സ്വന്തമായി ഡ്രൈവിംഗ് പരിശീലിച്ചു ലൈസൻസും സ്വന്തമാക്കി. കേരളത്തിൽ ആദ്യമായി വാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ബധിരയായ പെൺകുട്ടിയാണ് സോഫിയ. ഇപ്പോൾ കോയമ്പത്തൂർ, ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലെ റേസിംഗ് ട്രാക്കിൽ പരിശീലനം നടത്തുന്നു അഞ്ചടി ഏഴിഞ്ചുകാരിയായ ഈ പെൺകുട്ടി. ഹിമാലയത്തിലേക്കു ബൈക്കിൽ യാത്ര പോകണമെന്നതാണു സോഫിയയുടെ സ്വപ്‌നം. അതിനായി ഒരു സ്‌പോൺസറെ കിട്ടാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.

പാട്ടുകൾ പാടാനാവാതെ

ജോ ഫ്രാൻസിസിനും ഗൊരേറ്റിയ്ക്കും ആദ്യത്തെ കൺമണി പിറന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ലായിരുന്നു. അവൾക്ക് അവർ സോഫിയയെന്നു പേരും നൽകി.

സോഫിയയ്ക്കു പത്തു മാസം എത്തിയപ്പോഴാണ് കുഞ്ഞിനു കേൾവിശക്തിയില്ലെന്ന കാര്യം മാതാപിതാക്കൾക്കു മനസിലായത്. ഒരിക്കൽ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിനു കതിന പൊട്ടിയപ്പോൾ പരിസരത്തുണ്ടായിരുന്ന കുട്ടികൾ ശബ്ദം കേട്ടു കരഞ്ഞു. എന്നാൽ സോഫിയ കരഞ്ഞില്ല. അവൾ ആ ശബ്ദം കേട്ടില്ല. അന്ന് ജോയുടെയും ഗൊരേറ്റിയുടെയും നെഞ്ചിൽ നിറഞ്ഞ സങ്കടത്തിൽ നിന്നാണു സോഫിയ ഇന്ന് ആത്മവിശ്വാസത്തിലേക്കു ചുവടുവയ്ക്കുന്നത്.

കുഞ്ഞിനെ എറണാകുളത്തെ ഡോ.കുര്യനെ കാണിച്ചു. പിന്നീട് മൈസൂരിലെ നിഷിൽ കൊണ്ടുപോയി. അവിടെ നിന്നാണു തങ്ങളുടെ മകൾക്കു കേൾക്കാൻ കഴിയില്ലെന്ന സത്യം ജോ ഫ്രാൻസിസ് മനസിലാക്കിയത്. വൈകല്യം മനസിലാക്കിയ അവർ ഒരു വയസു കഴിഞ്ഞപ്പോൾ ചുണ്ടുകളുടെ ചലനം മനസിലാക്കി പഠിക്കാനായി ലയൺസ് ക്ലബിലെ സ്പീച്ച് തെറാപ്പിസ്റ്റായ രാധിക ടീച്ചറുടെ അടുത്തു കുട്ടിയെ കൊണ്ടുപോയി തുടങ്ങി. അന്നു മുതൽ സോഫിയ ചുണ്ടുകളുടെ ചലനം മനസിലാക്കി പറയുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

വിജയങ്ങളുടെ കൂട്ടുകാരി

സ്‌കൂൾ പഠനകാലത്തു തന്നെ വിജയം സോഫിയയ്‌ക്കൊപ്പമായിരുന്നു. വീട്ടിലെ ഷോകേസ് നിറയെ സോഫിയയ്ക്കും റിച്ചാർഡിനും ലഭിച്ച ട്രോഫികളും മെഡലുകളാണ്. നൃത്തത്തിലും പെയിൻറിംഗിലുമൊക്കെ സോഫിയ എന്നും മുന്നിലായിരുന്നു. ആറു വയസുമുതൽ ഭരതനാട്യം പഠിച്ചു തുടങ്ങി. നാലു വർഷത്തിനുശേഷം അതു നിർത്തി സിനിമാറ്റിക് ഡാൻസ് പഠിക്കാൻ തുടങ്ങി. ഗ്ലാസ് പെയിൻറിംഗും ഫാബ്രിക് പെയിൻറിംഗും ജ്വല്ലറി മേക്കിംഗും ഫാഷൻ ഡിസൈനിംഗുമെല്ലാം സോഫിയ അനായാസേന ചെയ്യും. ഫോട്ടോഗ്രഫിയും ഫോട്ടോ എഡിറ്റിംഗും സോഫിയയ്ക്ക് ഇഷ്ടമാണ്.

സ്‌പോർട്‌സ് ഇനങ്ങളിൽ നിരവധി സാനങ്ങൾ സോഫിയയെ തേടിയെത്തി. ബധിരർക്കായുള്ള ഷോട്ട്പുട്ടിൽ എട്ടു വർഷം സംസ്ഥാനതലത്തിലും മൂന്നുവട്ടം സ്വർണമെഡലോടെ ദേശീയതലത്തിലും ചാമ്പ്യൻഷിപ്പ് നേടി. ഡിസ്‌കസ് ത്രോയിലും സംസ്ഥാനതലത്തിൽ സാമ്മാനങ്ങൾ നേടിയിട്ടുണ്ട്.


സോഫിയ ഫാഷന്റെ വെള്ളി വെളിച്ചത്തിൽ എത്തിയത് 2010 മുതലാണ്. സ്വകാര്യ ചാനലിലെ സൂപ്പർമോഡൽ മത്സരവിജയിയായിരുന്നു. കൊച്ചിയിൽ നടന്ന മിസ് മലയാളി വേൾഡ് വൈഡ് ഗ്ലോബൽ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി. വേൾഡ് ഡഫ് കോൺഗ്രസിലും പങ്കെടുത്തിട്ടുണ്ട്. നോർമൽ കാറ്റഗറിയിലാണ് മത്സരിച്ചത്.

മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ മിസ് കൺജീനിയാലിറ്റിയായി സോഫിയ തെരെഞ്ഞെടുക്കപ്പെട്ടു. 2014ൽ ശീമാട്ടി സംഘടിപ്പിച്ച ഷോയിൽ ഷോസ് ടോപ്പറായിരുന്നു. അന്ന് നടി റിമ കല്ലിങ്കൽ, ഇൻറർനാഷണൽ മോഡൽ ലിൻഡ ഹൈസൻ എന്നിവർക്കൊപ്പമാണ് ഷോസ് ടോപ്പറായത്.

താൻ പറയുന്നതു കേൾക്കാൻ സാധിക്കില്ലെങ്കിലും ഒരു ചലച്ചിത്രത്തിനു വേണ്ടി സോഫിയ ഡബ്ബുചെയ്തു. പ്രമോദ് പാപ്പൻ സംവിധാനം ചെയ്ത ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിനു വേണ്ടിയാണ് സോഫിയ ഡബ്ബു ചെയ്തത്. ശബ്ദം എന്ന സിനിമയിൽ സോഫിയയും റിച്ചാർഡും മുഖ്യവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ എറണാകുളം ഗാന്ധിനഗറിൽ സോഫ്എൻ റിച്ച് എന്ന പേരിൽ യൂണിസെക്‌സ് ബ്യൂട്ടിപാർലറും സോഫിയ നടത്തുന്നുണ്ട്.

വീണ്ടും പരീക്ഷണങ്ങളുടെ നാളുകൾ

സോഫിയയ്ക്കു കൂട്ടായി ഒരു അനുജൻ ജനിച്ചു. ഒരിക്കൽ കസ്തൂർബ മെഡിക്കൽ കോളജിൽ മകളെ കാണിക്കാനെത്തിയപ്പോൾ മകനെകൂടി പരിശോധിപ്പിക്കണമെന്ന തോന്നൽ മാതാപിതാക്കൾക്കുണ്ടായി. പക്ഷേ അവിടെയും ദൈവം ആ മാതാപിതാക്കളെ പരീക്ഷിച്ചു. കാരണം മകൻ റിച്ചാർഡിനും ഭാഗികമായി മാത്രമേ കേൾവിശക്തിയുണ്ടായിരുന്നുള്ളൂ. തുടർന്ന് കുഞ്ഞുങ്ങളെ സ്പീച്ച് തെറാപ്പിക്ക് അയച്ചു. പ്രവേശനത്തിനായി സ്‌പെഷൽ സ്‌കൂളുകളെ സമീപിച്ചപ്പോൾ ഉണ്ടായ ദുരനുഭവം മൂലം അവരെ സ്‌പെഷൽ സ്‌കൂളിൽ ചേർക്കാൻ ജോയും ഗൊരേറ്റിയും തയാറായില്ല. പകരം എട്ടാം ക്ലാസുവരെ ഇരുവരെയും അമ്മ പഠിപ്പിക്കുന്ന ഏരൂർ ഭവൻസ് സ്‌കൂളിൽ പഠിപ്പിച്ചു. അതിനുശേഷം പത്താം ക്ലാസും പ്ലസ്ടുവും നാഷണൽ ഓപ്പൺ സ്‌കൂളിംഗ് വഴിയാണ് ഇരുവരും പാസായത്.

പഠനത്തിലും പാഠ്യേതര പ്രവർത്ത്യൂങ്ങളിലും മിടുക്കിയായ സോഫിയ ആലുവ സെന്‍റ് സേവ്യേഴ്‌സ് കോളജിൽ നിന്ന് ബിഎ ഇംഗ്ലീഷ് ബിരുദം നേടി. അതിനുശേഷം കംപ്യൂട്ടർ കോഴ്‌സും പാസായി. ഭിന്നശേഷിക്കാർക്കു പ്രചോദനമാകാനായി ബംഗളൂരുവിലെ വിശേഷ് ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രത്തിൽ അഞ്ചുമാസത്തോളം സോഫിയ പ്രവർത്തിച്ചു.

മക്കളെ ചേർത്തു പിടിച്ച് ഈ മാതാപിതാക്കൾ

സോഫിയയും റിച്ചാർഡും വിജയങ്ങൾ കീഴടക്കുമ്പോൾ അതിനു പിന്നിൽ ഈ മാതാപിതാക്കളുടെ സഹനമുണ്ട്, ക്ഷമയുണ്ട്, കണ്ണുനീരുണ്ട്. ജോലിയിലെ പ്രമോഷനും സ്വന്തം വീടെന്ന സ്വപ്‌നവും മാറ്റിവച്ച് ജോ മക്കൾക്കൊപ്പം നിന്നു.

'ഭിന്നശേഷിയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മക്കളുടെ നേട്ടം പ്രചോദനമാകണമെന്നതാണ് എന്റെ ആഗ്രഹം. ഇത്തരത്തിലുള്ള കുട്ടികളെ അവഗണിക്കുകയാണു സാധാരണ ചെയ്യാറുള്ളത്. അവരുടെ പ്രതിഭ പുറത്തുകൊണ്ടുവരാൻ ആരും അവസരം കൊടുക്കാറില്ല. എന്നാൽ, ഞങ്ങൾ ഇതിൽനിന്നു വ്യത്യസ്തമായ വഴിയാണു തെരഞ്ഞെടുത്തത്. മകൾക്കുണ്ടായ കുറവുകളിൽ തളരാതെ അവൾക്കു നൽകിയ ആത്മവിശ്വാസവും പ്രചോദനവുമാണു വിജയത്തിനു പിന്നിലുള്ളത്.' ജോ ഫ്രാൻസിസ് പറഞ്ഞു.

ചേച്ചിയുടെ പാത പിന്തുടർന്ന്

ചേച്ചിയുടെ അതേ പാതയിലാണ് റിച്ചാർഡും. ഷോട്ട്പുട്ടിലും ഡിസ്‌കസ്‌ത്രോയിലും റിച്ചാർഡിന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ചേച്ചിയെപോലെ ഡ്രൈവിംഗും റിച്ചാർഡിനു ഹരമാണ്. ബുള്ളറ്റും കാറുമൊക്കെ ശ്രദ്ധയോടെ അനായാസം ഓടിക്കും. മോഡലിംഗിലും താൽപര്യമുണ്ട്.

നോർമൽ ആയ ആളെ കല്യാണം കഴിക്കണം

അമ്മയാണ് എന്റെ കൂട്ടുകാരി. അമ്മ ഉണ്ടാക്കിത്തരുന്ന ചില പൊടിക്കൈകളൊക്കെ ഉണ്ട്. അതാണ് എന്റെ സൗന്ദര്യത്തിന്‍റെ രഹസ്യം. പിന്നെ ജീൻസും ടോപ്പുമാണ് ഇഷ്ടവേഷം. ചിക്കനാണ് ഇഷ്ടഭക്ഷണം. അതു പരിധിവിട്ടൊന്നും കഴിക്കില്ല.

നല്ല ടീമിനൊപ്പമാണെങ്കിൽ സിനിമ ചെയ്യും. ഒരു ജോലി വേണം, അതോടൊപ്പം മോഡലിംഗ് ചെയ്യണം. പിന്നെ കല്യാണം കഴിക്കുന്നത് നോർമൽ ആയി#ോ#്‌#ോുള്ള ആളെ വേണമെന്നാണ് എന്റെ ആഗ്രഹം. എന്നെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണമെന്നും ആഗ്രഹമുണ്ട് - അമ്മയുടെ സഹായത്തോടെ സോഫിയ പറഞ്ഞു.

മിസ് ഡഫ് വേൾഡ് മത്സര വിജയം

2014 ജൂലൈയിൽ ചെക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗിൽ നടന്ന മിസ് ഡഫ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സോഫിയ 85 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളിൽ ആറാം സ്ഥാനക്കാരിയായി. മത്സരത്തിൽ പങ്കെടുത്ത ദക്ഷിണേന്ത്യയിൽനിന്നുള്ള ആദ്യ മത്സരാർഥിയായിരുന്നു സോഫിയ. ബധിരർക്കായുള്ള ദേശീയ സൗന്ദര്യമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണു ലോകമത്സരത്തിന് അർഹത നേടിയത്.

കേരള സർക്കാരിന്‍റെ സ്വാമി വിവേകാനന്ദൻ യൂത്ത് ഐക്കൺ സ്‌പെഷൽ ജ്യൂറി അവാർഡും സോഫിയയ്ക്കു ലഭിക്കുകയുണ്ടായി.

സീമ മോഹൻലാൽ