സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു
സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു
ഇവള്‍ ഡോ.മരിയ ബിജു, അപകടം തളര്‍ത്തിയ ശരീരത്തെ തളരാത്ത മനസുകൊണ്ടു പൊരുതി ജയിച്ചവള്‍. ഇച്ഛാശക്തിക്കു മുന്നില്‍ ഒരു വിധിക്കും പിടിച്ച് നില്‍ക്കാനാകില്ലെന്ന് ജീവിതംകൊണ്ടു തെളിയിച്ചുകൊണ്ടിരിക്കുകയാണ് മരിയ. സ്വപ്‌നങ്ങള്‍ വഴുതി വീണ തൊടുപുഴ അല്‍സ്ഹര്‍ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സിക്കു ചേര്‍ന്നു കഴിഞ്ഞു ഡോ. മരിയ. ഹൃദയം തുറന്ന ചിരിയുമായി മരിയ മുന്‍പത്തേക്കാള്‍ സന്തോഷവതിയാണ്. വിജയങ്ങള്‍ അവള്‍ പോരാടിയെടുത്തു, ഇപ്പോള്‍ സ്വപ്‌നങ്ങള്‍ അവളെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. അതെ, മരിയ ഒരു പ്രചോദനമാണ്, പോരാളിയാണ് വഴുതി വീണുപോയ സ്വപ്‌നങ്ങള്‍ അവള്‍ കൈക്കുമ്പിളില്‍ ഒതുക്കിയിരിക്കുന്നു.

സഡണ്‍ ബ്രേക്കിട്ട മോഹങ്ങള്‍

തൊടുപുഴ അല്‍സ്ഹര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ച് ഏറെ നാള്‍ പിന്നിടും മുന്‍പെയാണ് ആ അപകടം മരിയയെ തേടി എത്തിയത്. 2016 ജൂണ്‍ അഞ്ചിനാണ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് മഴവെള്ളത്തില്‍ കാല്‍ വഴുതി വീഴുന്നത്. അപകടത്തില്‍ തുടയെല്ലുകള്‍ക്കു സാരമായി പരിക്കേറ്റു. നെല്ലിനു ക്ഷതമേറ്റു ചലനശേഷി നഷ്ടമായി. ജീവിതവും മോഹങ്ങളും ഒരു സഡണ്‍ ബ്രേക്കില്‍ നിന്നുപോയെന്ന് തോന്നിയ നാളുകള്‍. കൊച്ചിയിലും വെല്ലൂരിലുമായി ആറു മാസത്തെ ചികിത്സകള്‍ക്കൊടുവില്‍ വീല്‍ചെയറിലേക്ക് ഇരിക്കാവുന്ന നിലയിലായി.

ജീവിതവും സ്വപ്‌നങ്ങളും വിധിയുടെ പേരില്‍ വിട്ടുകൊടുക്കാന്‍ മരിയ തയാറല്ലായിരുന്നു. പാതി തളര്‍ന്ന പാതിയെ മറുപാതി കൊണ്ട് ഊര്‍ജമാക്കി മാറ്റി അവള്‍ സ്വപ്‌നങ്ങള്‍ക്കു ചിറകുവീശി. പേന പിടിക്കാനും വയലിന്‍ വായിക്കാനും കൈകള്‍ വശമാക്കാന്‍ സാധിച്ചത് ആത്മവിശ്വാസത്തോടെ നയിച്ചു.

ചിറക് വിരിയിച്ച് സ്വപ്‌നങ്ങള്‍

വെല്ലൂര്‍ റീഹാബിറ്റേഷന്‍ സിഎംസിയില്‍ കൂടെ നിന്നവര്‍ തളര്‍ന്നു പോകരുതെന്നുമാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. കണ്ണീരിന് അധികം ആയുസ് കൊടുക്കാന്‍ അവള്‍ വഴങ്ങിയില്ല. പുറകോട്ടു നോക്കാതെ പറക്കാന്‍ പഠിപ്പിച്ച ഡോക്ടര്‍മാര്‍ മരിയയ്ക്ക് മുന്നില്‍ ആത്മവിശ്വാസത്തിന്റെ പുതിയൊരു ലോകമാണ് തുറന്ന് നല്‍കിയത്.


2017 ജനുവരി മുതല്‍ രണ്ടാം വര്‍ഷ ക്ലാസുംകളും ഒപ്പം ഒന്നാം വര്‍ഷത്തില്‍ നഷ്ടപ്പെട്ട പരീക്ഷകളും എഴുതിയെടുത്തു. സഹപാഠികളും അധ്യാപകരും പഠനത്തില്‍ ഒപ്പം നിന്നു. കൈകളുടെ ചലനശേഷി വീണ്ടെടുക്കാനായതോടെ സ്വന്തം കൈപ്പടയില്‍ പരീക്ഷയെഴുതാനായി. മേല്‍ശരീരത്തിനു ബലമില്ലാതിരുന്നതിനാല്‍ ശ്രമകരമായിരുന്നു പഠനം. ദീര്‍ഘനേരം ചാരിയിരുന്നുള്ള പഠനം അണുബാധയ്ക്ക് കാരണമായതോടെ സ്‌ട്രെക്ച്ചറില്‍ കിടന്നു പലപ്പോഴും പഠിക്കേണ്ടി വന്നു. എന്നാല്‍ പ്രയാസങ്ങളിലൂടെ അതിമധുരമായ വിജയമാണ് മരിയ ബിജുവിനെ തേടിയെത്തിയത്. അവസാന വര്‍ഷ പരീക്ഷയ്ക്ക് 64 ശതമാനം മാര്‍ക്കോടെയാണ് ഈ മിടുക്കി എംബിബിഎസ് കരസ്ഥമാക്കിയത്.

ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. അപ്രതീക്ഷിതമായ ആഘാതങ്ങള്‍ നല്‍കും. ശരീരവും മനസും ഒരുപോലെ നോവിപ്പിക്കും. എന്നാല്‍ തോല്‍ക്കാന്‍ മനസില്ലെന്നു നമ്മള്‍ നിശ്ചയിച്ചുറപ്പിച്ചാല്‍, ഇച്ഛാശക്തി പ്രാണവായുവാക്കിയാല്‍ പിന്നെ വിജയങ്ങളുടെ മധുരം മാത്രമായിരിക്കും

തിരിച്ചടികളില്‍ പതറാതെ ആവിശ്വാസത്തിന്‍റെ കൈതാങ്ങുമായി മരിയയുടെ വിജയത്തില്‍ നിശബ്ദ പോരാളികളാണ് പിറവം സ്വദേശിയും ദുബായില്‍ ബിസിനസുകാരനായ അച്ഛന്‍ ബിജു പീറ്ററും അമ്മ സുനിയും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥിയായ അനുജത്തി മാരിയോണ്‍ ബിജുവും.

ജെറി എം.തോമസ്