മുഖ്യമന്ത്രി വി.ഡി. സതീശൻ, പിണറായി വിജയൻ
തിരുവനന്തപുരം: വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് തുടരുന്നു.
കെഎസ്ഇബിയുടെ എതിര്‍പ്പ് മറികടന്ന് ജിഎന്എയില്നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് ചോദ്യം പ്രതിപക്ഷ നേതാവ് ഇന്നലെയും ആവര്‍ത്തിച്ചു. എന്നാല്‍, ഹിമാചല്‍ പ്രദേശ് 12.50 രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്നു സമ്മതിച്ചതിന്റെ രേഖകള്‍ പുറത്തുവിടാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടി നല്‍കിയത്.
ജിഎന്‍എയുടെ ഓഫര്‍ സ്വീകരിച്ചതിലൂടെ കെഎസ്ഇബിക്കും ഉപഭോക്താക്കള്‍ക്കും സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പിണറായി വിജയന് ആരോപിച്ചു. വകുപ്പ് മന്ത്രിയുടെയും കെഎസ്ഇബിയുടെയും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും അഭിപ്രായങ്ങള്‍ മറികടന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്.
യൂണിറ്റിന് അഞ്ചു രൂപയോളം വിപണി നിരക്കുള്ളപ്പോള്‍ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചതിന്റെ കാരണം വ്യക്തമാക്കണം. ബന്ധപ്പെട്ട ഫയലുകളും സര്‍ക്കാരിന് ലഭിച്ച കത്തുകളും മന്ത്രിസഭാ കുറിപ്പുകളും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎന്‍എ വൈദ്യുതി ഉത്പാദകരോ ലൈസന്‍സുള്ള വ്യാപാരിയോ അല്ലെന്നും ഡിജിറ്റല്‍ പ്ലാറ്റ്ഫോം മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഹിമാചല്‍ പ്രദേശ് 12.50 രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്ന് അറിയിച്ചതിന്റെ രേഖകള്‍ എവിടെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് തിരിച്ചുചോദിച്ചു. അത്തരമൊരു ഓഫര്‍ ഹിമാചല്‍ നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 30 നാണ് കെഎസ്ഇബിയുടെ ശിപാര്‍ശയില്‍ അന്തിമതീരുമാനമെടുക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. ജിഎന്എയില്നിന്ന് വൈദ്യുതി വാങ്ങുന്നതും പരിഗണിക്കാമെന്ന് മുന്‍ കെഎസ്ഇബി ചെയര്മാന് സര്‍ക്കാരിന് നല്കിയ കുറിപ്പിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Controversy Persists War of Words : Pinarayi Vijayan VDSatheesan Opposition Leader Chief Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash