കേരള ഹൈക്കോടതി
കൊച്ചി: സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിന്മേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നല്കിയ ഹര്‍ജി പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനു ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
എഫ്ഐആര്‍ റദ്ദാക്കാനായി റിട്ട് പെറ്റീഷന് ഫയല്‍ ചെയ്യാനാകില്ലെന്ന രജിസ്ട്രിയുടെ എതിര്‍പ്പ് അംഗീകരിച്ചു ഹര്‍ജി പരിഗണിക്കാതിരുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ജസ്റ്റീസുമാരായ കെ.നടരാജന്, ജോണ്സണ് ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പിഎസ്സി നല്കിയ അപ്പീല്‍ തീര്‍പ്പാക്കി.
പിഎസ്സി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി പിഎസ്സി നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
നിയമനവുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് മനഃപൂര്വമല്ലെന്നാണു ഹര്‍ജിയിലെ വാദം. ഈ വീഴ്ച പിഎസ്സിതന്നെ പരിഹരിച്ചിട്ടുമുണ്ട്.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് കേസെടുത്തത്. ഇതിനു പിന്നാലെ അംഗങ്ങളടക്കമുള്ളവര്‍ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
Tags : PlanningBoard Case DivisionBench PSC Petition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash