കൂരാച്ചുണ്ട്- കൂട്ടാലിട റോഡ് ടാറിംഗ് പൊളിഞ്ഞു തുടങ്ങി
1564784
Wednesday, June 4, 2025 6:00 AM IST
കൂരാച്ചുണ്ട്: നവീകരണ പ്രവര്‍ത്തി നടക്കുന്ന കൂരാച്ചുണ്ട് - എരപ്പാന്‍തോട് - കൂട്ടാലിട റോഡിന്റെ ടാറിംഗ് പൊളിഞ്ഞുതുടങ്ങി. രണ്ടാഴ്ച മുമ്പ് ഒന്നാംഘട്ട ടാറിംഗ് പ്രവര്‍ത്തി നടത്തിയ റോഡിന്റെ എരപ്പാന്തോടിന് സമീപവും ആനപ്പാറ മേഖലയിലുമാണ് പലയിടങ്ങളിലായി ടാറിംഗ് പൊളിഞ്ഞത്.
പൊതുമരാമത്ത് വകുപ്പ് 1.42 കോടി രൂപ ചെലവഴിച്ചുകൊണ്ട് 1.4 കിലോമീറ്റര്‍ ദൂരത്തിലാണ് ടാറിംഗ് നടക്കുന്നത്. നവീകരണം മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചുവെങ്കിലും ടാറിംഗ് വൈകിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
മഴക്കാലമായതോടെയാണ് ടാറിംഗ് പ്രവര്‍ത്തി നടത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ മേഖലയില്‍ ഓവുചാല്‍ ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകുന്നതും ടാറിംഗ് തകരാന്‍ കാരണമാകുന്നുണ്ട്. റോഡ് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.