എൽസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണം: ടി. സിദ്ദിഖ്
1574105
Tuesday, July 8, 2025 8:00 AM IST
കൽപ്പറ്റ: പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത എൽസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും സൗജന്യ റേഷനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തൊഴിൽ മന്ത്രി വി. ശിവൻകുട്ടിക്കും ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി.
പുൽപ്പാറ ഡിവിഷനിലെ നൂറ് തൊഴിലാളികൾ ഉൾപ്പെടെ എസ്റ്റേറ്റിന് കീഴിലെ മൂന്ന് ഡിവിഷനുകളിലായി ആകെ 274 തൊഴിലാളികളാണുള്ളത്. ഇവരിൽ 150 പേർ സർവീസിൽ നിന്നും വിരമിച്ചവരാണ്. 2014 മുതൽ തൊഴിലാളികളിൽ നിന്ന് ഈടാക്കിയ പിഎഫ് വിഹിതവും ഉടമ അടയ്ക്കേണ്ട വിഹിതവും പിഎഫ് അക്കൗണ്ടിൽ അടച്ചിട്ടില്ല.
വിരമിച്ച 150 തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി ലഭിച്ചിട്ടില്ല. ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, രണ്ട് വർഷത്തെ ബോണസ്, ഏഴ് വർഷത്തെ മെഡിക്കൽ ആനുകൂല്യങ്ങൾ, അത്രയും വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യങ്ങൾ, രണ്ട് ഘട്ടങ്ങളിലായി കൂലി പുതുക്കിയ സമയത്തെ കുടിശിക തുടങ്ങിയവയെ കുറിച്ച് തോട്ടം ഉടമ മൗനം തുടരുകയാണ്. പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാത്തതിനാലും അവരുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാലും ദൈന്യംദിന കാര്യങ്ങൾക്ക് പോലും പ്രയാസപ്പെടുകയാണ്.
ഭൂമി ഏറ്റെടുത്ത് പ്രവൃത്തികൾ ആരംഭിച്ച് മാസങ്ങളായിട്ടും ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. ശക്തമായ കാലവർഷം ആരംഭിച്ചിരിക്കെ തൊഴിലില്ലാത്തിനാൽ കുടുംബങ്ങളുടെ നിത്യചെലവ് ഉൾപ്പെടെ താളം തെറ്റിയിരിക്കുകയാണ്. അതിനാൽ തൊഴിലാളികൾക്ക് അടിയന്തരമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.