കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് എസ്എഫ്ഐ മാർച്ച്; സംഘർഷം
1548250
Tuesday, May 6, 2025 2:28 AM IST
കണ്ണൂർ: സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. യോഗഹാളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി. യൂണിവേഴ്സിറ്റി ഓഫീസ് വാതിലുകൾ പ്രവർത്തകർ തകർത്തു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുന്നതിനിടെ എസ്എഫ്ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി അതുലിന് മുഖത്ത് മുറിവേറ്റു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സിൻഡിക്കേറ്റ് യോഗ ഹാളിന് പുറത്ത് എസ്എഫ് ഐ ജില്ലാ പ്രസിഡന്റ് ടി.പി. അഖിലയുടെ നേതൃത്വത്തിൽ ഏഴോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇവരെ അറസ്റ്റ് ചെയ്തു മാറ്റുന്നതിനിടെ പുറത്ത് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിന് ഇടയാക്കിയത്. രണ്ടും ഗേറ്റിലും പ്രവർത്തകർ മാറി മാറി പ്രതിഷേധം നടത്തി. ഇതിനിടയിലാണ് പ്രവർത്തകർ ഓഫീസ് വാതിൽ തകർത്തത്. ഇതോടെ അകത്ത് അറസ്റ്റ് ചെയ്തപ്രവർത്തകരെ പുറത്ത് എത്തിക്കാനും താമസം നേരിട്ടു. പോലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തുംതള്ളുമുണ്ടായി.
കൂടുതൽ പോലീസെത്തിയാണ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. ചട്ടവിരുദ്ധമായി ഡീൻമാരെ നിയമിച്ചതിലും കഴിഞ്ഞ ദിവസം എസ്എഫ്ഐ നടത്തിയ സമരത്തിൽ വൈസ് ചാൻസലർ നൽകിയ ഉറപ്പ് പാലിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. ജോയൽ തോമസ്, കെ.നിവേദ് , സനന്ദ് കുമാർ,സായന്ത് അഴീക്കോടൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.