മട്ടന്നൂർ നഗരസഭ ബഡ്സ് സ്കൂളിന് സംസ്ഥാന പുരസ്കാരം
1548795
Thursday, May 8, 2025 2:01 AM IST
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയ്ക്കു കീഴിലുള്ള പഴശിരാജ മെമ്മോറിയൽ ബഡ്സ് സ്പെഷൽ സ്കൂളിന് കുടുംബശ്രീ മിഷന്റെ സംസ്ഥാന പുരസ്കാരം. പഴശി സ്മൃതി മന്ദിരത്തിന് സമീപത്തുള്ള പഴയ സാംസ്കാരിക നിലയത്തിലാണ് 2014 മുതൽ ബഡ്സ് സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത്.
നേരത്തെ ഒയിസ്ക ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭിന്നശേഷി കുട്ടികളുടെ പരിപാലന കേന്ദ്രം അവർക്ക് നടത്തി കൊണ്ടുപോകാൻ പ്രയാസമറിയിച്ചതിനെ തുടർന്നാണ് 2014 ൽ നഗരസഭ ഏറ്റെടു ക്കുന്നത്. ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾക്ക് മികച്ച പരിശീലനം നല്കുന്ന കേന്ദ്രമായി ഈ സ്കൂൾ മാറുകയുണ്ടായി.
തുടർന്നാണ് സംസ്ഥാന സർക്കാർ മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററായി ഈ സ്ഥാപനത്തെ മാറ്റാൻ തീരുമാനിച്ചത്. എംസിആർസിക്കായി നഗരസഭ സ്ഥലം ഏറ്റെടുക്കുകയും കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആറു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തിട്ടുണ്ട്.
2025 ജനുവരി മുതൽ പുതിയ കെട്ടിടത്തിലാണ് ബഡ്സ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. 65 വിദ്യാർഥി കളും 10 ജീവനക്കാരും ആണ് ഇവിടെ ഉള്ളത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്ന ഫണ്ടും ബഡ്സ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മുഖാന്തരം ലഭിക്കുന്ന സഹായങ്ങളും സർക്കാരിന്റെ ഗ്രാന്റും ഉപയോഗപ്പെടുത്തിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.
രക്ഷിതാക്കൾക്കായി തൊഴിൽ പരിശീലനം ഉൾപ്പെടെ കേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. അഞ്ചുലക്ഷം രൂപ വിലവരുന്ന പുതിയ തെറാപ്പി ഉപകരണങ്ങൾ പുതുതായി സ്ഥാപിച്ചു കഴിഞ്ഞു. നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണമാണ് സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്ന് നഗരസഭാ ചെയർമാൻ എൻ. ഷാജിത്തും പ്രിൻസിപ്പൽ സി. രജനിയും പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ നിന്നുമുളള വിദ്യാർഥികൾക്കായി പ്രത്യേക വാഹന സൗകര്യവും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.