കാക്കയങ്ങാട് ബസ്സ്റ്റാൻഡിനായി കോടികൾ വിലവരുന്ന സ്ഥലം സൗജന്യമായി നൽകി അഞ്ചു പേർ
1548542
Wednesday, May 7, 2025 2:05 AM IST
ഇരിട്ടി: കാക്കയങ്ങാടിന്റെ വികസന കുതിപ്പിന് കരുത്തേകാൻ ബസ്സ്റ്റാൻഡ് എന്ന സങ്കൽപം യാഥാർഥ്യത്തോടടുക്കുന്നു. അടയ്ക്കാത്തോടെ ഇട്ടിയവിര ജോസഫ്, കേളകം സ്വദേശി വാളുവെട്ടിക്കൽ ജോർജ്, സൗജത്ത് സുലൈമാൻ, മുസ്തഫ പാറപ്പുറത്ത്, അറ്റ്ലസ് നാസർ എന്നിവർ തങ്ങളുടെ കൈവശമുള്ള കോടികൾ വിലവരുന്ന സ്ഥലം സൗജന്യമായി പഞ്ചാത്തിന് വിട്ടു നൽകിയതോടെയാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്ന സ്വപ്നത്തിന്റെ ആദ്യ കടന്പ തരണം ചെയ്തത്.
കാക്കയങ്ങാട് - പാലപ്പുഴ റോഡിൽ ടൗണിനോട് ചേർന്ന് പഴയ പോലീസ് സ്റ്റേഷന് സമീപം അഞ്ചു പേരുടെ കൈവശമുള്ള 66 സെന്റ് സ്ഥലമാണ് പഞ്ചായത്തിന് വിട്ടു നൽകിയത്. സ്ഥലത്തിന് ഏതാണ്ട് മൂന്നു കോടിയോളം രൂപ വിലവരും.
കാക്കയങ്ങാട് ടൗണിൽ നടന്ന ചടങ്ങിൽ സ്ഥലമുടമകൾ രേഖകൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ സ്ഥലമുടമകളിൽ നിന്ന് ആധാരങ്ങൾ ഏറ്റുവാങ്ങി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. വനജ, കെ.വി. ബിന്ദു, ചെയർമാൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ ധന്യ രാകേഷ്, ജാഫർ നല്ലൂർ, കെ.മോഹനൻ, ടി.വി. സിനി, കെ.വി. റഷീദ്, കാര്യത്ത് വത്സൻ, പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ്, എ. ഷിബു, വി. രാജു, ഒമ്പാൻ ഹംസ, സി. പ്രദീപൻ, എം. ഹരിദാസ്, ഒമ്പാൻ മുനീർ, ടി.എഫ്. സെബാസ്റ്റ്യൻ, കെ.ടി. ടോമി, എൻ.എൻ. ബാലകൃഷ്ണൻ, എ.പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടിയിരുന്ന കാക്കയങ്ങാട് ടൗണിൽ പ്രവർത്തിച്ചിരുന്ന മുഴക്കുന്ന് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം അനിവാര്യമായിരുന്നു. ഇതിനായി സ്ഥലം വാങ്ങി നൽകിയത് ടൗണിലെ വ്യാപാരികളായിരുന്നു.