തീരക്കടലിൽ മണൽ ഖനനത്തിന് അനുമതി നൽകരുത്: കേരള കോൺഗ്രസ്-എം
1549099
Friday, May 9, 2025 2:23 AM IST
ചെമ്പന്തൊട്ടി: കേരളത്തിന്റെ തീരക്കടലില്‍ നിന്ന് നിര്‍മാണ ആവശ്യങ്ങൾക്കായി മണല്‍ ഖനനം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന മേഖലകൾ കടല്‍മണല്‍ ഖനനം മൂലം തകരുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്.
തീരക്കടലിൽ മണൽ ഖനനം നടത്താതെ പുഴകളിലും ഡാമുകളിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണൽ ഖനനം നടത്താൻ അനുമതി നൽകുകയാണ് വേണ്ടത്. മണൽ നിറഞ്ഞ് ഡാമുകളുടെയും പുഴകളുടെയും ആഴം കുറഞ്ഞതിനാൽ മഴക്കാലത്ത് പുഴകൾ കരകവിഞ്ഞും ഗതി മാറിയും ഒഴുകുകയാണ്.
നദികളില്‍ നിന്നുള്ള മണല്‍ വാരല്‍ ഈ വര്‍ഷം തന്നെ പുനരാരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനത്ത് നിലവിലുള്ള മണല്‍ വാരല്‍ നിയന്ത്രണ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ കടവ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് കേരളത്തിലെ പുഴകളെ സംരക്ഷിക്കുന്നതോടൊപ്പം സംസ്ഥാനത്തെ മണലിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനാവുമെന്നും ഏറ്റവും സുതാര്യമായ രീതിയിൽ മണല്‍ വിതരണം നടത്തണമെന്നും കേരളാ കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ബിജു പുതുക്കള്ളി അധ്യക്ഷത വഹിച്ചു. സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കുമാർ, വി.വി. സേവി, ബിനു ഇലവുങ്കൽ, സിബി പന്തപ്പാട്ട്, സണ്ണി മുക്കുഴി, സോണി അറയ്ക്കൽ, ഏലമ്മ ജോസഫ്, നോബിൻസ് ചെരിയൻപുറം, എബിൻ കുര്യാക്കോസ്, ജോളി പുതുശേരി, ജോണി കരിമ്പന, ഷാജി കുര്യൻ, പി.പി. രാഘവൻ, അപ്പച്ചൻ കുമ്പുക്കൽ, ജോസ് മണ്ഡപം, ജയിംസ് ചിറമാട്ടേൽ, ജയ്സൺ പല്ലാട്ട്, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ഷാജി കുറ്റിയാത്ത്, റോബിൻ തേരാംകുടി, സി.കെ. നാരായണൻ, തുളസീധരൻ നായർ, യാക്കോബ് ആലയ്ക്കൽ, കെ.ജെ. ജോയി എന്നിവർ പ്രസംഗിച്ചു.