ജില്ലാതല സമ്മര്‍ ക്യാമ്പ് ലിയോറ ഫെസ്റ്റിന് തുടക്കമായി
1548794
Thursday, May 8, 2025 2:01 AM IST
കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷന് ബാലസഭാ അംഗങ്ങള്‍ക്കായി നടത്തുന്ന ജില്ലാതല സമ്മര്‍ ക്യാമ്പ് മൈന്‍ഡ് ബ്ലോവേഴ്സ് ലിയോറ ഫെസ്റ്റ് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം.വി. ജയന് ഉദ്ഘാടനം ചെയ്തു. കൂടാളി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ദിവാകരന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി. വിനേഷ് പദ്ധതി വിശദീകരണം നടത്തി. പള്ളിക്കുന്ന് കൃഷ്ണ മേനോന് സ്മാരക ഗവ. വനിതാ കോളജില്‍ ഇന്നും നാളെയുമായി നടക്കുന്ന ക്യാമ്പില്‍ സിനിമാ താരം ഇന്ദ്രന്‍സ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് എന്നിവര്‍ പങ്കെടുക്കും. 11 ബ്ലോക്കുകളില്‍ നിന്ന് തെരഞ്ഞെടുത്ത ബാലസഭയുടെ 55 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ലയിലെ ഏഴ് കുട്ടികള്‍ക്ക് അടുത്ത വര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്നോവേഷന്‍ കോണ്‍ക്ലേവില്‍ ആശയാവതരണം നടത്താനുള്ള അവസരമുണ്ടാകും.
അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "മൈന്‍ഡ് ബ്ലോവേഴ്സ്' ക്യാമ്പിന്റെ തുടര്‍ച്ചയാണ് ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പ്. ഗ്രൂപ്പ് ആക്ടിവിറ്റി, ഗെയിംസ്, കളക്ടറുമായി സംവദിക്കല്‍ എന്നിങ്ങനെയുള്ള നിരവധി പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി നടക്കും.
കുടുംബശ്രീ ജില്ലാമിഷന് എഡിഎംസിമാരായ കെ. വിജിത്ത്, കെ. രാഹുല്‍, പി.ഒ. ദീപ, പാപ്പിനിശേരി സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനി ഷേര്‍ളി, തില്ലങ്കേരി സിഡിഎസ് ചെയര്‍പേഴ്സണ്‍ എം. ഷിംന തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.