1500 തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവും തളിപ്പറമ്പ് ഫൊറോന പള്ളിയിൽ
1548785
Thursday, May 8, 2025 2:01 AM IST
തളിപ്പറന്പ്: ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പ് മുതൽ പുതിയ തലമുറയിലെ വിശുദ്ധനായ കാർലോസിന്റെ വരെ തിരുസഭ വണങ്ങുന്ന 1500 ൽ പരം തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവും തളിപ്പറന്പ് സെന്റ് മേരീസ് ഫൊറോന മരിയൻ തീർഥാടന പള്ളിയിൽ നടക്കും. 17, 18 തീയതികളിൽ രാവിലെ 7.30 മുതൽ രാത്രി 7.30 വരെയാണ് പൊതുദർശനവും വണക്കവും. 17 ന് രാവിലെ 9.30 തിന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
ഈശോയുടെ ശിരസിൽ അണിയിച്ച മുൾക്കിരീടത്തിന്റെ അംശം, പരിശുദ്ധ മാതാവിന്റെ ശിരോവസ്ത്ര ഭാഗം, വിശുദ്ധ യൗസേപ്പിതാവിന്റെ വസ്ത്രഭാഗം, 12 ശ്ലീഹന്മാർ, വിശുദ്ധ എസ്തപ്പാനോസ്, പൗരസ്ത്യ പിതാക്കന്മാർ എന്നിവരുടെ പുണ്യശേഷിപ്പുകൾ, ഭാരതത്തിൽ നിന്നുള്ള വിശുദ്ധ അൽഫോൻസ, വിശുദ്ധ ചാവറയച്ചൻ, മറിയം ത്രേസ്യ തുടങ്ങിയ വിശുദ്ധരുടെ തിരുശേഷിപ്പുകളെല്ലാം ഇവിടെ കാണാൻ സാധിക്കും.
പൊതുദർശനത്തിന് മുന്നൊരുക്കമായി വികാരി ഫാ. മാത്യു ആശാരിപറമ്പിൽ ചെയർമാനും ഡായി മാത്യു പ്ലാത്തോട്ടം, സിസ്റ്റർ ജെസ്ന എഫ്സിസി, ബാബു ഇടത്തുപറമ്പിൽ, സണ്ണി മണ്ണാപറമ്പിൽ, അനിൽ ഇമ്മാനുവേൽ, തോമസ് അർത്തശേരി, ജെറി കാരന്താനം, മാർട്ടിൻ കൊട്ടാരം, മരിയ പ്ലാത്തോട്ടം, സുബി കൊട്ടാരത്തിൽ, സിബി ഐക്കരയിൽ, ബാബു കൊരട്ടിക്കൽ, ഷാജി പൊന്നാംകുടത്ത്, സിബി പരിയാനിക്കൽ എന്നിവർ കൺവീനർമാരായും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രവേശനം സൗജന്യമാണ്. ആയിരക്കണക്കിന് ആളുകൾ പ്രദർശനത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.