ആരോഗ്യ മേഖലയിലെ ഒഴിവു നികത്താന്‍ അടിയന്തര നടപടി വേണം: സിപിഎം
1565235
Friday, June 6, 2025 2:11 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ ആരോഗ്യമേഖലയിലെ ഒഴിവുകള്‍ നികത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിഎം. രാജഗോപാലന്‍ എംഎല്‍എ ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച നടത്തി. ജില്ലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണ്.
94 സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകളില്‍ 30 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. എട്ടു സിവില്‍ സര്ജന്മാര് വേണ്ടിടത്ത് മൂന്ന് തസ്തികകളിലാണ് ആളുള്ളത്. അസിസ്റ്റന്റ് സര്ജന്മാരുടെ 187 തസ്തികയില്‍ 40 എണ്ണത്തിലും ആളില്ല. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടെ 15 തസ്തികയിലും ആളില്ല. മൂന്ന് ആര്‍എംഒ തസ്തകയിലും ഡോക്ടര്‍മാരില്ല. മൂന്ന് ആശുപത്രികളില്‍ രാത്രികാല പരിശോധന നിലച്ചിരിക്കയാണ്. മംഗല്പാടി, പൂടംകല്ല് താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് രാത്രികാല പരിശോധന നിലച്ചത്.
മഴക്കാല രോഗങ്ങളും പനിയും മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് പരിഗണിച്ച് അതിവേഗത്തിലുള്ള പരിഹാര നടപടികള്‍ വേണമെന്ന് എം. രാജഗോപാലന്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ മൂന്നുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് ചട്ടപ്രകാരമുള്ള സ്ഥലംമാറ്റം അനുവദിക്കേണ്ടി വന്നതിനെ തുടര്ന്നുള്ളപ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തുന്നതായി മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ല സേവനത്തിനായി ഡോക്ടര്‍മാര്‍ തെരഞ്ഞടുക്കാന്‍ തയ്യാറാകാത്തതാണ് ഇത്രയധികം ഒഴിവുകള്‍ ഉണ്ടാവാന്‍ കാരണമായത്.
വിരമിച്ച ഡോക്ടര്‍മാരെയും മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവരുടെയും സേവനം ഉപയോഗപ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ജോലി ചെയ്യാന്‍ സന്നദ്ധരായ ഡോക്ടര്‍മാര്‍ക്ക് അധിക ആനുകൂല്യം നല്കുന്ന പാക്കേജും നിലവിലുണ്ട്. പ്രത്യേകമായ ക്രമീകരണങ്ങളിലൂടെ ഒഴിവുകള്‍ വേഗത്തില്‍ നികത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യുവും ഒപ്പമുണ്ടായിരുന്നു.