പ്രായോഗിക-യന്ത്രവത്കരണ പരിശീലനപരിപാടിക്ക് തുടക്കമായി
1565240
Friday, June 6, 2025 2:11 AM IST
പിലിക്കോട്: പ്രകൃതി സൗഹൃദ കൃഷിരീതി കർഷകർക്ക് പകർന്നേകുന്ന പ്രയോഗിക- യന്ത്രവത്കരണ പരിശീലന പരിപാടിക്ക് തുടക്കമിട്ട് കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രത്തിൽ പരിസ്ഥിതി ദിനാഘോഷം.
നെൽകൃഷിയിലും കാർഷിക യന്ത്രവത്കരണത്തിലും വിവിധ കർഷകരെ സജ്ജമാക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ പരിശീലനം നൽകുന്നത്. ഞാറ്റടി മുതൽ കൊയ്ത് വരെ കൃഷി സമയത്തിന്റെ വിവിധ ഘട്ടങ്ങളിലായാണ് പ്രായോഗിക- യന്ത്രവത്കൃത പരിശീലനം നടത്തുന്നത്.
ഈ വർഷം കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ കർഷകരെയാണ് പരിശീലിപ്പിക്കുക. യന്ത്രം കൊണ്ട് ഞാറ് നടീൽ നടത്തിയും വൃക്ഷതൈ നട്ടും കേന്ദ്രത്തിലെ പരിസ്ഥിതി ദിനാഘോഷം പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചമയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോക്ടർ ടി. വനജ അധ്യക്ഷതവഹിച്ചു.
പിലിക്കോട് പഞ്ചായത്തംഗം പി. അജിത, ഗവേഷണ കേന്ദ്രം അസി. പ്രഫസർ ഡോക്ടർ എ.വി. മീരാമഞ്ജുഷ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാബു ജോസഫ്, ഫാം സൂപ്രണ്ട് എം.ഗീത, കരിവെള്ളൂർ കൃഷി ഓഫീസർ നമിത രഘുനാഥ് എന്നിവർ പ്രസംഗിച്ചു. വിവിധ പരിശീല പരിപാടികളെക്കുറിച്ച് ഡോ. പാർവതി ശശിധരൻ, ആവേശ് കുമാർ സിംഗ് എന്നിവർ വിശദീകരിച്ചു.സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനം ക്ലാസെടുത്തു.