എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലുമുണ്ട് തകർന്നുവീഴാൻ പാകത്തിലൊരു കെട്ടിടം
1573937
Tuesday, July 8, 2025 1:50 AM IST
എണ്ണപ്പാറ: എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ തകർന്നുവീഴാറായ നിലയിൽ നിൽക്കുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഏതാണ്ട് അമ്പതുവർഷം മുമ്പ് എണ്ണപ്പാറയിലെ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങിയത് ഈ കെട്ടിടത്തിലാണ്.
10 വർഷം മുമ്പാണ് പുതിയ കെട്ടിടം നിർമിച്ച് അതിലേക്ക് മാറിയത്. ഇതിനു ശേഷവും അങ്കണവാടിയായും കോവിഡ് പരിശോധനാകേന്ദ്രമായുമൊക്കെ ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് കാലപ്പഴക്കം മൂലം തീർത്തും ദുർബലാവസ്ഥയിലായി. കെട്ടിടത്തിന്റെ മേൽക്കൂര തകർച്ചയിലായതോടെ ഓടുകൾ പലതും ഇഴകിവീണു.
മഴവെള്ളം ചോർന്നൊഴുകി ചുവരുകളും ദുർബലാവസ്ഥയിലായി. ചുറ്റുപാടും കാടുകയറി ഇഴജന്തുക്കൾക്ക് താവളമാകാനും തുടങ്ങി. ഇത് പൊളിച്ചുമാറ്റിയാൽ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്ക് കൂടുതൽ സ്ഥലസൗകര്യം ലഭിക്കും.
അതേസമയം കുടുംബാരോഗ്യകേന്ദ്രത്തിനായി 1.8 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് ഒരുവർഷത്തിലേറെയായിട്ടും പൂർണമായും പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല.