ദേശീയപാത : സംയുക്ത പരിശോധന നടത്തണമെന്ന് നിർദേശം
1573632
Monday, July 7, 2025 1:24 AM IST
കാസർഗോഡ്: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് ബന്ധപ്പെട്ട സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.
ചെങ്കള-നീലേശ്വരം റീച്ചിലുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റി ആസ്ഥാനത്തുനിന്നുള്ള വിദഗ്ധ സമിതി ജൂണ്‍ 11, 12 തീയതികളിലായി ജില്ലയിലെ വിവിധ നിര്‍മാണ പ്രദേശങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും പ്രോജക്ട് ഡയറക്ടര്‍ യോഗത്തിൽ അറിയിച്ചു. ഇതുവരെ സ്വീകരിച്ച നിർമാണരീതികള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തീരദേശ ഹൈവേയുടെ
അലൈന്മെന്റ്
ജില്ലയിൽ നിർദിഷ്ട തീരദേശ ഹൈവേയുടെ അലൈന്മെന്റ് പെട്ടെന്നുതന്നെ പൂര്‍ത്തീകരിച്ച് തുടര്‍നടപടികളിലേക്ക് നീങ്ങണമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ആകെയുള്ള 14.92 കിലോമീറ്റർ ദൂരത്തിൽ 4.3 കിലോമീറ്റര്‍ ഒഴികെയുള്ള ഭാഗത്ത് കല്ലിടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നഷ്ടപ്പെടുന്ന വീടുകളുടെ എണ്ണം പരമാവധി കുറയ്ക്കുന്ന വിധത്തില്‍ അലൈന്മെന്റ് മാറ്റി വരയ്ക്കാന്‍ കിഫ്ബി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.
ഉദുമ, കാസര്‍ഗോഡ് നിയോജക മണ്ഡലങ്ങളിൽ 730 മീറ്റർ നീളത്തില്‍ കല്ലിടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള ഭാഗങ്ങളില്‍ തീരദേശ ഹൈവേയുടെ നിര്‍മാണം ഒഴിവാക്കി അലൈന്മെന്റ് നിലവിലുള്ള കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുമായി യോജിപ്പിക്കാൻ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം പി. അഖില്‍ അധ്യക്ഷത വഹിച്ചു.
ഡോക്ടര്‍മാരുടെ ഒഴിവുകള്‍
നികത്തണം
ജില്ലയിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും ഒഴിവുകള്‍ നികത്തണമെന്ന ആവശ്യം എന്‍. എ. നെല്ലിക്കുന്ന് എംഎല്‍എ വീണ്ടും ജില്ലാ വികസനസമിതി യോഗത്തിൽ ഉന്നയിച്ചു.
ജില്ലയില്‍ അടുത്തിടെ 37 ഡോക്ടര്‍മാരെ പിഎസ് സി വഴി നിയമിച്ചെങ്കിലും 19 പേര് മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ഇതില്‍ 16 പേരും ഉപരിപഠനത്തിനായി അവധിയില്‍ പോവുകയും ചെയ്തു.
മൂന്ന് പേര് മാത്രമേ യഥാർഥത്തിൽ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഒഴിവുകളെല്ലാം വീണ്ടും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഭൂമി കണ്ടെത്താൻ നടപടി
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുന്ന വില്ലേജുകളില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പട്ടയം ലഭിച്ചവരുടെ ഭൂമി കണ്ടെത്തുന്നതിനും അതിര്‍ത്തി നിര്‍ണയിക്കുന്നതിനുമുള്ള അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ സ്പെഷ്യല്‍ സര്‍വേ ടീമിനെ ഉള്‍പ്പെടുത്തി സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) അറിയിച്ചു.
തങ്കയം ജംഗ്ഷനിൽ
റോഡ് വീതി കൂട്ടണം
തൃക്കരിപ്പൂര്‍ തങ്കയം ജംഗ്ഷനിലെ അപകട ഭീഷണി ഒഴിവാക്കാൻ വീതി കൂട്ടുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും പ്രവൃത്തി വേഗത്തില്‍ നടത്താൻ കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്നും എം. രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു.
ദേശീയപാതയിലെ ബസുകള്‍ സര്‍വീസ്
റോഡ് കൂടി ഉപയോഗിക്കണം
ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയടക്കം പല ബസുകളും ഇപ്പോൾ സര്‍വീസ് റോഡുകൾ ഉപയോഗിക്കാതെ പ്രധാന പാതയിലൂടെ മാത്രമാണ് ഓടുന്നതെന്നും സർവീസ് റോഡുകൾക്കു സമീപമുള്ള സ്റ്റോപ്പുകളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ബസ് കയറാനാകാത്ത നിലയാണെന്നും എ.കെ.എം.അഷറഫ് എംഎല്‍എ ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ സര്‍വീസ് നടത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ പ്രധാന പാതയിലൂടെ മാത്രമായി സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.