ചുള്ളി ഫാമിന്റെ പച്ചക്കറി പന്തലിന് ആവശ്യക്കാരേറുന്നു
1573633
Monday, July 7, 2025 1:24 AM IST
ബളാൽ: ചുള്ളി ഫാം ഉടമയും യുവ കർഷകനുമായ പി.സി. ബിനോയ് മട്ടുപ്പാവ് കൃഷിക്കും അടുക്കളത്തോട്ടങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്ത പച്ചക്കറി പന്തലിന് ആവശ്യക്കാരേറുന്നു.
കൊണ്ടുനടക്കാവുന്നതും മടക്കാവുന്നതുമായ രീതിയിൽ തയ്യാറാക്കിയ പന്തലിന്റെ രൂപകല്പനയ്ക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്. ചുള്ളി വെജിറ്റബിൾ ക്ലൈംബർ (ട്രെല്ലിസ് സിസ്റ്റം) എന്ന പേരിൽ ഓൺലൈനിലൂടെയും നേരിട്ടും ഇത് വിപണിയിലെത്തിച്ചിട്ടുണ്ട്.
പരിമിതമായ സ്ഥലസൗകര്യമുള്ള ഇടങ്ങളിൽ പോലും മത്തങ്ങ, ബീൻസ്, വെള്ളരി, പയർ എന്നിവയടക്കം ഈ സംവിധാനമുപയോഗിച്ച് കൃഷിചെയ്യാം.
ഇത് സ്ഥാപിക്കാൻ 27 ചതുരശ്ര അടി സ്ഥലം മാത്രമാണ് ആവശ്യമുള്ളത്. അതേസമയം 43 ചതുരശ്ര അടി സ്ഥലം കൃഷിക്കായി ലഭ്യമാക്കുകയും ചെയ്യുന്നു. സംസ്ഥാന കൃഷിവകുപ്പും കാർഷിക സർവകലാശാലയുമുൾപ്പെടെ ഈ സംവിധാനം വാങ്ങി ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ ബംഗളൂരുവിൽ നടന്ന നാഷണൽ ഹോർട്ടിക്കൾച്ചർ ഫെയർ എക്സിബിഷനിലും ഇത് ശ്രദ്ധ നേടിയിരുന്നു.