പുന്നമട ഇളകിത്തുടങ്ങി, ആവേശം തുഴപ്പാടകലെ
1584702
Monday, August 18, 2025 11:49 PM IST
ആലപ്പുഴ: കേരളത്തിന്റെ ജലമാമാങ്കം നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായൽ ഒരുങ്ങുന്നു. അരനൂറ്റാണ്ട് പിന്നിട്ട ജലമേള 30ന് നടക്കും. ക്രമീകരണങ്ങളും വള്ളങ്ങളുടെ പരിശീലനങ്ങളുമൊക്കെ സജീവം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന് വളളംകളിയോടെയാണ് നെഹ്റു ട്രോഫിയുടെ തുടക്കം.
1952 ഡിസംബര്‍ 27ന് ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്.
ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തില്‍ ആവേശം കയറി സുരക്ഷാക്രമീകരണങ്ങൾ വകവയ്ക്കാതെ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു.
ഒട്ടേറെ വള്ളങ്ങൾ
ചുണ്ടന് വള്ളങ്ങളാണ് താരങ്ങളെങ്കിലും മറ്റു വിഭാഗങ്ങൾക്കും ഇതു അഭിമാനപ്പോരാട്ടമാണ്. ഇരുട്ടുകുത്തി , വെപ്പ്, ചുരുളന്‍, തെക്കനോടി എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.
ടിക്കറ്റ് എടുക്കണം, സീറ്റ് ഉറപ്പില്ല!
തിക്കിത്തിരക്കി, മണിക്കൂറുകൾനിന്ന്, മഴ നനഞ്ഞു വള്ളംകളി കാണുന്ന രീതിക്ക് ഇത്തവണയും മാറ്റമുണ്ടായേക്കില്ല. പണം മുടക്കി ടിക്കറ്റെടുത്തു വരുന്നവർ ദിവസം മുഴുവൻ നിന്നു വള്ളംകളി കാണേണ്ടി വരുന്നുവെന്നത് എല്ലാ വർഷത്തെയും പരാതിയാണ്. വള്ളംകളി 71-ാം വർഷത്തിലേക്ക് എത്തുമ്പോഴും ഈ പ്രശ്നത്തിനു പരിഹാരമായിട്ടില്ല. ഏറ്റവും ഉയർന്ന നിരക്കിലുള്ള പ്ലാറ്റിനം കോർണർ ടിക്കറ്റ് എടുത്താൽ സീറ്റ് ഉറപ്പെന്നാണ് ഓഫർ. എന്നാൽ, കഴിഞ്ഞ തവണ പ്ലാറ്റിനം കോർണറിലും ഇരിപ്പിടം കിട്ടാത്തവരുണ്ട്.
ടിക്കറ്റ് എടുക്കാതെ എത്തുന്നവർ ആദ്യമേ ഗാലറിയിൽ ഇടംപിടിക്കുന്നതോടെ ടിക്കറ്റ് എടുത്തവർ പുറത്താകുന്ന സ്ഥിതി. ഏകദേശം 10,000 സീറ്റുകൾ ഒരുക്കുമ്പോൾ അതിന്റെ നാലിരട്ടിയോളം ടിക്കറ്റുകളാണു വിൽക്കുന്നത്. എട്ട് നിരക്കുകളിലായി 40,600 ടിക്കറ്റുകളാണ് ഈ വർഷം വില്പനയ്ക്കുള്ളത്. കാശ് മുടക്കിയിട്ടും ഗാലറിയിൽ ഇടം കിട്ടാതെ വരുന്നതോടെ നടപ്പാതയിലും കായലിന്റെ അരികിലെ കൈവരിയിൽ പിടിച്ചും വള്ളംകളി പ്രേമികൾ നിൽക്കും.
റിക്കാർഡ് ഇട്ടവർ
നെഹ്റു ട്രോഫി വള്ളംകളിയില്‍ ഏറ്റവും കൂടുതല്‍ കിരീടം തൊട്ടത് കാരിച്ചാല്‍ ചുണ്ടൻ. രണ്ട് ഹാട്രിക് ഉള്‍പ്പടെ 16 തവണ. കൂടുതല്‍ തവണ വിജയിച്ച ബോട്ട് ക്ലബ് രണ്ട് ഹാട്രിക് ഉള്‍പ്പടെ 12 തവണ വിജയിച്ച യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി(യുബിസി കൈനകരി). നിലവിലെ ഹാട്രിക് ജേതാക്കള്‍ ഇപ്പോള്‍ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു നില്ക്കുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് (പിബിസി പള്ളാതുരുത്തി). ഏറ്റവും വേഗമേറിയ ചുണ്ടന്‍വള്ളമെന്ന നേട്ടം കാരിച്ചാല്‍ ചുണ്ടനാണ്. 2024 വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് 4.14.35 എന്ന ഈ നേട്ടം കാരിച്ചാല്‍ ചുണ്ടനില്‍ കുറിച്ചത്.
കോവിഡ് മൂലം 20, 21 വർഷങ്ങളിൽ മത്സരം നടന്നില്ല. 2022ൽ സന്തോഷ് ചാക്കോ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലും 2023, 24ൽ അലന് മൂന്നുതൈക്കല്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടനും ട്രോഫി നേടി.
ഇതുവരെ രജിസ്റ്റർ
ചെയ്തത് 39 വള്ളങ്ങൾ
പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി ഇതുവരെ രജിസ്റ്റർ ചെയ്തത് ആകെ 39 വള്ളങ്ങൾ. പതിനൊന്ന് ചുണ്ടൻ വള്ളങ്ങളും 28 ചെറുവള്ളങ്ങളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21.
30ന് പ്രാദേശിക
അവധി
നെഹ്റു ട്രോഫി വള്ളംകളി ദിനമായ 30ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.