ആറാട്ടുപുഴയിൽ തീരമെടുത്ത് കടൽ
1584711
Monday, August 18, 2025 11:49 PM IST
കായംകുളം: കടലാക്രമണത്തിൽ തീരം നഷ്ടപ്പെട്ട് ആറാട്ടുപുഴ തീരഗ്രാമം നാൾക്കുനാൾ കൂടുതൽ ദുർബലമാകുന്നു. അറബിക്കടലിനും കായംകുളം കായലിനും ഇടയിൽ നാട പോലെ കിടക്കുന്ന ഈ തീരഗ്രാമം അപകടാവസ്ഥയിലാണ്. കൊടിയ ദുരിതങ്ങളാണ് ജനങ്ങൾ ഇവിടെ നേരിടുന്നത്.
പെരുമ്പള്ളിയിൽ തീരദേശ റോഡ് തകർന്നു. നിരവധി വീടുകളും തകർച്ചാ ഭീഷണിയിലാണ്. കഴിഞ്ഞ കുറെ ആഴ്ചകളായി തുടരുന്ന കടലാക്രമണത്തിന് കാര്യമായ ശമനമില്ല. പെരുമ്പള്ളി ജംഗ്ഷൻ ഭാഗത്ത് വലിയഴീക്കൽ തൃക്കുന്നപ്പുഴ തീരദേശ റോഡിന്റെ വശങ്ങൾ കടലെടുത്തു. അടിയിലെ മണ്ണ് നഷ്ടപ്പെട്ടതോടെ റോഡിന്റെ കാൽഭാഗത്തോളം ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. റോഡും കടലും തമ്മിൽ ഏറ്റവും ചേർന്നു നിൽക്കുന്ന ഭാഗമാണിത്.
ഏതു നിമിഷവും
റോഡ് വീഴും
ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ജിയോ ബാഗിന്റെ അകലം മാത്രമാണ് റോഡിനും കടലിനും ഇടയിലുള്ളത്. കഴിഞ്ഞ വർഷം ഉണ്ടായ കടലാക്രമണത്തിൽ റോഡ് അപകടാവസ്ഥയിലായപ്പോൾ സംരക്ഷിക്കാൻ താത്കാലികമായി സ്ഥാപിച്ച ജിയോ ബാഗ് ഭിത്തി ഏതാണ്ട് തകർന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ തിരമാലകൾ റോഡിലാണ് പതിക്കുന്നത്. അടിയന്തര സംരക്ഷണം ഒരുക്കിയില്ലെങ്കിൽ റോഡ് പൂർണമായി തകർന്നു ഗതാഗതം നിലയ്ക്കും.
ഇതോടെ ആറാട്ടുപുഴയുടെ തെക്കൻ പ്രദേശങ്ങൾ ഒറ്റപ്പെടും. പെരുമ്പള്ളി ഭാഗം വലിയ അപകടാവസ്ഥയാണ്. ഒരു കിലോമീറ്ററോളം ഭാഗത്തു പേരിനുപോലും കടൽഭിത്തിയില്ല. നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച കടൽഭിത്തി പൂർണമായും മണ്ണിനടിയിലാണ്.
വീടുകൾ ഭീഷണിയിൽ
ദിവസങ്ങൾക്കു മുമ്പ് പറത്തറയിൽ കുഞ്ഞുമോന്റെ വീട് ഭാഗികമായി തകർന്നിരുന്നു. നിരവധി വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ മീറ്റർ കണക്കിനു തീരം കടലെടുത്തു കഴിഞ്ഞു. ആറാട്ടുപുഴ എസി പള്ളിക്ക് വടക്കുമുതൽ കുറിച്ചിക്കൽ വരെയുള്ള ഭാഗങ്ങളിലും കടൽ കയറുന്നുണ്ട്. കടൽഭിത്തി ദുർബല പ്രദേശങ്ങളിൽ വൻതോതിൽ കര നഷ്ടമാകുന്നു.
മണൽച്ചാക്ക് അടുക്കിവച്ചും മണൽക്കൂനകൾ ഒരുക്കിയും തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാനുള്ള കഠിന പരിശ്രമത്തിലാണ് തീരവാസികൾ. പതിനായിരങ്ങളാണ് ഇതിനായി ചെലവഴിക്കുന്നത്. ചിലേടങ്ങളിൽ റവന്യൂ അധികൃതർ ചാക്ക് നിറയ്ക്കാനുള്ള മണൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പണിക്കൂലി വീട്ടുകാർ തന്നെയാണ് വഹിക്കേണ്ടിവരുന്നത്.
പണം നൽകുമെന്ന് അധികാരികൾ ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ആർക്കും ലഭിച്ചിട്ടില്ല. തീരസംരക്ഷണത്തിന് സർക്കാർ ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.