അസംഘടിത തൊഴിലാളി സംഗമം
1573837
Monday, July 7, 2025 11:19 PM IST
പാലാ: പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ അസംഘടിത തൊഴിലാളികള്‍ക്ക് താങ്ങും തണലുമായി പാലാ രൂപത. പ്ലാറ്റിനം ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നടന്ന അസംഘടിത തൊഴിലാളികളുടെ പ്രാതിനിധ്യ സ്വഭാവത്തോടെയുള്ള സമ്മേളനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 75 അസംഘടിത തൊഴിലാളി പ്രതിനിധികള്‍ പങ്കെടുത്തു.
കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച മാര്‍ കല്ലറങ്ങാട്ട്, കൂടുതല്‍ തൊഴിലാളികളെ മുന്നേറ്റത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അസംഘടിതരായി നില്ക്കുമ്പോള് നാം ബലഹീനരാണെന്നും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.
ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം ആമുഖ സന്ദേശം നല്കി. രൂപത പുരുഷ വിഭാഗം പ്രസിഡന്റ് ജോയിക്കുട്ടി മാനുവല്‍, വനിതാ വിഭാഗം പ്രസിഡന്റ് സ്വപ്ന ജോര്‍ജ്, ഡെയ്സി ജിബു, എല്‍സിറ്റ് സാബു, ഡോണ മരിയ പോള്‍ എന്നിവര്‍ നേതൃത്വം നൽകി.