പുലിയെ കണ്ടതായി പ്രചാരണം; പിന്നാലെ മോഷണം
1573567
Sunday, July 6, 2025 11:45 PM IST
മുണ്ടക്കയം: മലയോര മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം മുതലെടുത്ത് മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും. പുലിയടക്കമുള്ള വന്യമൃഗങ്ങളെ കണ്ടെന്നു പ്രചരിപ്പിക്കുകയും തൊട്ടുപിന്നാലെ രാത്രിയിൽ മോഷണം നടത്തുന്നതും മലയോരമേഖലയിൽ വ്യാപകമാകുകയാണ്. യഥാർഥത്തിൽ പുലി ഇറങ്ങിയോ ഇല്ലയോ എന്ന് തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥയിലാണ് പൊതുജനം.
പുലിപ്പേടി മുതലെടുത്ത് മോഷണം
കഴിഞ്ഞ മാസം പെരുവന്താനം പഞ്ചായത്തിലെ അമ്പലംഭാഗത്ത് പുലിക്കു സമാനമായ ജീവിയുടെ കാൽപ്പാട് കണ്ടെത്തിയിരുന്നു. ഇതോടെ പുലിയിറങ്ങിയതായി വ്യാപക പ്രചാരണം നടന്നു. ഭയപ്പാടിലായ നാട്ടുകാർ രാത്രികാലങ്ങളിലുള്ള പുറത്തിറക്കം കുറച്ചു. പിന്നാലെ മേഖലയിൽ മോഷണവും പതിവായി. പ്രദേശത്തെ നിരവധി സോളാർ വഴിവിളക്കുകളുടെ ബാറ്ററികളാണ് സാമൂഹ്യവിരുദ്ധർ രാത്രിയിൽ കവർന്നത്.
പുലിയെ കണ്ടെന്ന് അഭ്യൂഹം പെരുകുന്നു
കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ കൊക്കയാർ ഭാഗത്തും പുലിയെ കണ്ടതായി വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, വനം വകുപ്പോ മറ്റ് അധികാരികളോ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. മാസങ്ങൾക്കു മുമ്പ് കൂട്ടിക്കൽ പഞ്ചായത്തിലെ ഉറുമ്പിക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ കൂട്ടിക്കൽ തേൻപുഴയിൽ പുലിയെ കണ്ടതായി പ്രചാരണം നടന്നു. പിന്നീട് പറത്താനത്തും അമലഗിരിയിലും പുലിയെ കണ്ടതായി വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നിലെ സത്യമെന്തെന്നും വെളിവായിട്ടില്ല.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച്
വനം വകുപ്പ്
പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ പല ഭാഗങ്ങളിലും പുലിയുടെയും കടുവയുടെയും സാന്നിധ്യം മുന്പ് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, മറ്റ് ചില സ്ഥലങ്ങളിൽ എത്തിയത് പുലിയാണെങ്കിലും പിന്നീട് മേഖലയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളോർത്ത് വനം വകുപ്പ് പുറത്തുപറയാറുമില്ല. ഇതെല്ലാം ഇപ്പോൾ സാമൂഹ്യവിരുദ്ധരും ലഹരിസംഘങ്ങളും മുതലെടുക്കുകയാണെന്ന് ആക്ഷേപവും വ്യാപകമായിരിക്കുകയാണ്.
പുലിയെ കണ്ടെന്ന പേരിൽ പല സ്ഥലങ്ങളിലും നടക്കുന്ന പ്രചാരണത്തിന് പിന്നിൽ ലഹരികടത്ത് സംഘങ്ങളും മോഷ്ടാക്കളുമാണോയെന്ന സംശയവുമുണ്ട്. വന്യമൃഗശല്യം അതിരൂക്ഷമാണെന്ന് പറയുന്ന മലയോര മേഖലയിൽനിന്നു രാത്രികാലങ്ങളിൽ വ്യാപകമായി തടി അടക്കമുള്ളവ കടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. ഒരുവശത്ത് വന്യജീവികളും മറുവശത്ത് മോഷ്ടാക്കളും മലയോര ജനതയുടെ സ്വൈരജീവിതം കെടുത്തുകയാണ്.