മെഡി. കോളജ് ബോയ്സ് ഹോസ്റ്റലും ശോച്യാവസ്ഥയിൽ
1573246
Sunday, July 6, 2025 3:01 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ബോയ്സ് ഹോസ്റ്റലും കാലപ്പഴക്കത്തെ തുടര്‍ന്ന് ശോച്യാവസ്ഥയില്‍. ഇതേത്തുടര്‍ന്നു വിദ്യാര്‍ഥികള്‍ ദുരിതം നേരിടുകയാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ താമസിക്കുന്നത്. 1964 കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് കെട്ടിടം. മെഡിക്കല്‍ കോളജിന്റെ തുടക്കകാലത്ത് അറുപതില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യത്തിനായി നിര്‍മിച്ച ഹോസ്റ്റലാണിത്. 60 വര്‍ഷം പിന്നിട്ടിട്ടും മതിയായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.
ഒരു മുറിക്കുള്ളില്‍ രണ്ടു പേര് എന്ന രീതിയില്‍ താമസിക്കാനുള്ള സൗകര്യത്തോടെയായിരുന്നു നിര്‍മാണം. പിന്നീട് എംബിബിഎസ് സീറ്റ് വര്‍ധിപ്പിച്ചു. രണ്ട് കെട്ടിടങ്ങളിലായി പാരാ മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 350ല്‍പ്പരം പേര് ഇവിടെ താമസിക്കുന്നുണ്ട്. ഹോസ്റ്റലിന്റെ ശോച്യാവസ്ഥ ഭീകരമാണ്.
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിപ്പൊളിഞ്ഞ് താഴെ വീഴുന്നതു പതിവാണ്. ജനല്പ്പാളികള് ഇളകിയതും ജനല്‍ക്കമ്പികള്‍ തുരുമ്പെടുത്ത് നശിച്ചതുമാണ്. ഒന്നാം നിലയില്‍ താമസിക്കുന്നവരാണ് ഏറെ ദുരിതത്തില്‍. ജനല്പ്പാളികള് തകര്‍ന്ന ഭാഗത്ത് കാട് കയറിയ സ്ഥിതിയാണ്. കെട്ടിടങ്ങള്‍ക്ക് മുകളിലും ഭിത്തികളിലും മുറികള്‍ക്കുള്ളിലും മരച്ചില്ലകള്‍ വളര്‍ന്നുനില്‍ക്കുകയാണ്. ഹോസ്റ്റല്‍ മെസിലെ ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങള്‍ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
ഒരു മുറിക്കുള്ളില്‍ അഞ്ചും ആറും പേര് അടിസ്ഥാന സൗകര്യവുമില്ലാതെ ദുരിതത്തിലാണ് കഴിയുന്നത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇന്നലെ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു വിദ്യാര്‍ഥികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.