തെരുവുനായശല്യം : കടുത്തുരുത്തി പോളിടെക്നിക്കിന് അവധി നൽകി
1573206
Saturday, July 5, 2025 7:10 AM IST
കടുത്തുരുത്തി: തെരുവുനായശല്യംമൂലം ആപ്പാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്ക് കോളജിന് അവധി നല്കി കോളജ് അധികൃതര്‍. തെരുവുനായയുടെ ആക്രമണത്തില്‍ വ്യാഴാഴ്ച കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് കടിയേറ്റിരുന്നു.
കൂടാ തെ സമീപവാസിക്കും സമീപത്തെ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും തെരുവുനായയുട കടിയേറ്റതോടെയാണ് ഇന്നലെ കോളജില്‍ വിദ്യാര്‍ഥികളോട് വരേണ്ടെന്ന് അധികൃതര്‍ അറിയിച്ചത്. ഇന്നലെ നല്കിയ അവധിക്കു പകരം മറ്റൊരു ദിവസം കോളജില്‍ ക്ലാസ് നടത്തുമെന്നു പ്രിന്‍സിപ്പൽ സി.എം. ഗീത അറിയിച്ചു.
ഇതേ നായ ഇന്നലെ കോളജിനു സമീപത്തുവച്ചു മറ്റൊരാളെയും കടിച്ചു പരിക്കേല്‍പ്പിച്ചു. നാലുകണ്ടത്തില്‍ ജസ്റ്റിന് ജോയി(30)ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. ജസ്റ്റിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെംബര്‍ നോബി മുണ്ടയ്ക്കന് ഇടപെട്ട് നായപിടിത്തക്കാരെ എത്തിച്ച് നായയെ പിടികൂടിയാണ് അപകടഭീഷണി ഒഴിവാക്കിയത്.
പോളിടെക്നിക്ക് കോളജിലെ ജീവനക്കാരന് റെജിനാ(25)ണ് വ്യാഴാഴ്്ച കോളജിനു സമീപത്ത് വച്ചു കടിയേറ്റത്. വൈകുന്നേരം ആറോടെയാണ് സംഭവം. പോളിടെക്നിക്ക് കോളജിനു സമീപത്ത് നില്‍ക്കുകയായിരുന്ന സെക്ക്യൂരിറ്റി ജീവനക്കാരനെ കടിച്ച നായ ഓടി വന്ന് സമീപത്തുതന്നെ നില്‍ക്കുകയായിരുന്ന പടിഞ്ഞാറേമുക്ക് തങ്കപ്പനെ(70)യും കടിച്ചു.
തുടര്‍ന്ന് ഇവിടെനിന്ന് ഓടിപ്പോയ നായ വഴിയിലുണ്ടായിരുന്ന മറ്റു നായ്ക്കളെയും കടിച്ചു. ഈ ഭാഗത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.