എയർപോർട്ട് സർവേ: ഉടമസ്ഥാവകാശം തെളിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരം കോടതിയിൽ
1572980
Friday, July 4, 2025 11:41 PM IST
എരുമേലി: നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താള പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ റവന്യു വകുപ്പിന്റെ സർവേ പരിശോധന പുരോഗമിക്കുന്നു.
പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ അതിർത്തികൾ പരിശോധിച്ചതിനുശേഷം ഓരോരുത്തരുടെയും ഭൂമി സബ്ഡിവിഷൻ ചെയ്തു രേഖകൾ തയാറാക്കുന്നതാണ് സർവേയിൽ പ്രധാനമായും ചെയ്യുകയെന്ന് റവന്യു അധികൃതർ അറിയിച്ചു. ഇതിനുശേഷം ഭൂവുടമകളുടെ അഭിപ്രായം കേൾക്കും. ഉടമകൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. തിട്ടപ്പെടുത്തിയതിൽ പൂർണമായി ഏറ്റെടുക്കുന്ന വസ്തുക്കളുടെ ആധാരം റവന്യു വകുപ്പ് ഓഫീസിൽ സൂക്ഷിക്കും.
വസ്തുവിൽ ഏറ്റെടുക്കുന്നതു കഴിഞ്ഞു ഭൂമിയുണ്ടെങ്കിൽ ഏറ്റെടുത്ത ഭൂമിയുടെ അളവ് ആധാരത്തിൽ കുറവുചെയ്ത് ഉടമ അതിരു കൃത്യമാക്കണം. ഉടമയ്ക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാനാണ് നിർദേശം. ഓരോ സ്ഥലത്തും സർവേ നടത്തുമ്പോൾ അടുത്തുള്ള സ്ഥലമുടമകളെ അറിയിക്കും. നിലവിൽ മണിമല, എരുമേലി വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടക്കുന്നുണ്ട്. റവന്യു സർവേ പൂർത്തിയായ ശേഷം ഈ രേഖകൾ ഡിജിറ്റൽ സർവേയുമായി ഒത്തുനോക്കും.
എരുമേലി തെക്ക്, മണിമല വില്ലേജുകളിൽനിന്ന് 1039.876 ഹെക്ടർ സ്ഥലമാണ് ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. സർവേക്കുശേഷം സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കു മുമ്പായി 19(ഒന്ന്) വിജ്ഞാപനമുണ്ടാവും. ചാരുവേലിയിൽ റൺവേക്കുശേഷം 450 മീറ്റർ ലൈറ്റ് പോയിന്റ് വരുന്ന ഭാഗത്താണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്. മറുസൈഡിൽ 900 മീറ്റർ ലൈറ്റ് പോയിന്റ് വരും. മുക്കട റോഡിൽനിന്നാവും റൺവേയുടെ പ്രവേശന ഭാഗം. അവസാന ഭാഗം ഓരുങ്കൽക്കടവിനു സമീപം ചക്കാലയ്ക്കൽ പുരയിടമാണ്. ഇവിടമാണ് ടേക്ക് ഓഫ് പോയിന്റിനുശേഷം സിഗ്നൽ ലൈറ്റ് വരുന്നയിടം.
ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ സംബന്ധിച്ച് മുമ്പ് ഏജൻസി തയാറാക്കിയ സ്കെച്ച് അനുസരിച്ച് അതിരടയാളങ്ങൾ കൃത്യമാക്കുന്ന ജോലി പൂർത്തിയായ ശേഷമേ ഏറ്റെടുക്കേണ്ട ഓരോ സ്ഥലങ്ങളും സർവേ നമ്പർ പ്രകാരം അളന്നുതിരിക്കൂ.
എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ ഉൾപ്പെട്ട 366 പേരുടെയും മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 19ൽ ഉൾപ്പെട്ട 73 പേരുടെയും സ്ഥലങ്ങൾ കൂടാതെ ബ്ലോക്ക് നമ്പർ 22ൽ ഉൾപ്പെട്ട, ഗോസ്റ്റൽ ഫോർ ഏഷ്യയും (ചെറുവള്ളി എസ്റ്റേറ്റ്) സർക്കാരുമായി ഉടമസ്ഥാവകാശത്തർക്കം നിലനിൽക്കുന്ന 811.4200 ഹെക്ടർ സ്ഥലം, 22-ാം നമ്പർ ബ്ലോക്കിൽ ഉൾപ്പെട്ട 42.5800 ഹെക്ടർ സ്ഥലം, രണ്ടാം ബ്ലോക്കിൽ ഉൾപ്പെട്ട മലയാളം പ്ലാന്റേഷൻ ലിമിറ്റഡും സർക്കാരും തമ്മിൽ ഉടമസ്ഥാവകാശത്തർക്കം നിലനിൽക്കുന്ന 1.8300 ഹെക്ടർ സ്ഥലം, മണിമല വില്ലേജിൽ 210-ാം ബ്ലോക്കിൽ ഉൾപ്പെട്ടതും ഗോസ്റ്റൽ ഫോർ ഏഷ്യയും സർക്കാരും തമ്മിൽ ഉടമസ്ഥാവകാശത്തർക്കം നിലനിൽക്കുന്ന 60.4375 ഹെക്ടർ സ്ഥലം എന്നിവയാണ് ഏറ്റെടുക്കുന്നത്.
റവന്യു വകുപ്പ് നിയോഗിച്ച അഞ്ചു താത്കാലിക സർവേയർമാരും ഒരു റവന്യു സർവേയറും ഉൾപ്പെടെ ആറു പേരാണ് സംഘത്തിലുള്ളത്. രണ്ടു താത്കാലിക സർവേയർമാരെ കൂടി നിയമിച്ച് സർവേ വേഗത്തിലാക്കുന്നതിനു നടപടികളായിട്ടുണ്ടെന്നു റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.