രക്ഷാപ്രവർത്തനം മനഃപൂർവം വൈകിച്ചു: ചാണ്ടി ഉമ്മൻ
1572939
Friday, July 4, 2025 11:40 PM IST
കോട്ടയം: ദുരന്തം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ബിന്ദുവിനെ രക്ഷിക്കാമായിരുന്നെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. സംഭവമറിഞ്ഞ് ഓടിയെത്തുമ്പോള്‍ ഒരാള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉണ്ടാകാനുള്ള സാധ്യത ആര്‍പ്പൂക്കര പഞ്ചായത്തംഗം റോയി പുതുശേരി സൂചിപ്പിച്ചിരുന്നു.
പതിനാലാം വാര്‍ഡിലുണ്ടായിരുന്ന ഒരു കൂട്ടിരിപ്പുകാരിയെ കാണാനില്ലെന്നു കേള്‍ക്കുന്നതായി റോയി പറഞ്ഞപ്പോള്‍ ഒരാളും അകപ്പെട്ടിട്ടില്ലെന്നായിരുന്നു അവിടെയെത്തിയ മന്ത്രിമാരുടെയും ആശുപത്രി അധികൃതരുടെയും ഉറച്ച നിലപാട്.
കെട്ടിട അവശിഷ്ടങ്ങളിലുണ്ടായിരുന്ന ഒരു ടൈലില്‍ രക്തക്കറ കണ്ടത് സംശയം വര്‍ധിപ്പിച്ചു. കാണാതായതായി സംശയിക്കുന്ന സ്ത്രീയുടെ ചികിത്സയില്‍ കഴിയുന്ന മകള്‍ നവമിയെ നേരില്‍ കണ്ട് സംശയനിവാരണം വരുത്താന്‍ പതിനാലാം വാര്‍ഡിലേക്ക് പോയി. കുളിക്കാന്‍ പോയ അമ്മ തിരികെ വന്നിട്ടില്ലെന്ന് നവമി പറഞ്ഞു.
അര മണിക്കൂര്‍ കാത്തുനിന്നിട്ടും ബിന്ദു മടങ്ങിവരാതായതോടെയാണ് മണ്ണ് മാറ്റി തെരച്ചില്‍ നടത്തണമെന്ന് നിലപാട് താന്‍ കടുപ്പിച്ചത്. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ വൈകി മണ്ണുമാന്തിയന്ത്രം ആശുപത്രി വാര്‍ഡിലൂടെ കയറ്റിക്കൊണ്ടുവന്നാണ് തെരയാന്‍ തുടങ്ങിയത്. ആ ശ്രമത്തിൽ പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ബിന്ദുവിന്റെ ശരീരം കണ്ടെത്തുകയും ചെയ്തു. അപകടം നടന്നയുടന്‍ ഇത് നടത്തിയിരുന്നെങ്കില്‍ ആ വിലപ്പെട്ട ജീവന് നഷ്ടപ്പെടില്ലായിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.