ഐക്യം നിലനിർത്തേണ്ടത് ക്രൈസ്തവ സഭകളുടെ ദൗത്യം: ബിഷപ് മാർ ഇഗ്നാത്തിയോസ്
1572633
Friday, July 4, 2025 4:30 AM IST
നിലയ്ക്കൽ: ഐക്യം നിലനിർത്തുകയെന്നത് എല്ലാ ക്രൈസ്തവ സഭകളുടെയും ദൗത്യമാണെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് വൈസ് ചെയർമാൻ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാ ഭരണ ചുമതലയൊഴിഞ്ഞ ജോഷ്വാ മാർ ഇഗ്നാത്തിയോസിനു നിലയ്ക്കൽ സെന്റ് തോമസ് എക്യൂമെനിക്കൽ ചർച്ചിൽ ദുക്റാനാ തിരുനാൾ സമാപനത്തിനു ശേഷം സീതത്തോട്, ചിറ്റാർ, തുലാപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്നേഹാദരവിന് മറുപടി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മാർത്തോമ്മ ശ്ലീഹായുടെ പാരന്പര്യമുള്ള ഭാരത ക്രൈസ്തവ സഭകൾ ഒരേ ലക്ഷ്യത്തോടെ മുന്നേറുന്നവരാണെന്നും ക്രിസ്തു സാക്ഷ്യം നിർവഹിക്കാൻ ഐക്യത്തിൽ വളരുകയാണ് വേണ്ടതെന്നും ബിഷപ് മാർ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. കെ.യു. ജനീഷ് കുമാർ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി മുൻ അധ്യക്ഷൻ ബിഷപ് ഉമ്മൻ ജോർജ് കോശി അധ്യക്ഷത വഹിച്ചു.
സീതത്തോട് യുസിഎ പ്രസിഡന്റ് ഫാ. ഗീവർഗീസ് പാലമൂട്ടിൽ, ബഥനി ആശ്രമം സുപ്പീരിയർ ഫാ. ഗീവർഗീസ് കുറ്റിയിൽ, നിലയ്ക്കൽ ചർച്ച് അഡ്മിനിസ്ട്രേറ്റർ ഫാ. ഷൈജു മാത്യു, ക്നാനായ സമുദായ ഭദ്രാസന സെക്രട്ടറി ഫാ.നോബിൻ ഇളകുറ്റൂർ, ഫാ. ഐവാൻ ജോസഫ്, ജൂബി ചരുവിൽ, സി.ടി.തോമസ്, ജോർജ് ജേക്കബ്, ബോബി ഏബ്രഹാം, ഡോ. ഏബ്രഹാം മലമണ്ണേൽ, തോമസ് കുട്ടി തേവർമുറിയിൽ എന്നിവർ പ്രസംഗിച്ചു.