നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ് : പുനലൂരിലേക്ക് നീട്ടിയേക്കും
1572888
Friday, July 4, 2025 7:02 AM IST
വേളാങ്കണ്ണി ട്രെയിന്‍ എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ സാധ്യത
ചങ്ങനാശേരി: മലബാറില്‍നിന്നും മധ്യകേരളത്തിലേക്ക് ഏറ്റവും അധികം യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്ന നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ് കൊല്ലം വഴി പുനലൂരിലേക്ക് സര്‍വീസ് നീട്ടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന് ഡയറക്ടറെയും നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു.
ഈ ട്രെയില്‍ ആരംഭിച്ചാല്‍ ഈ വഴി രാത്രികാലങ്ങളില്‍ ട്രെയിനില്ലെന്നുള്ള പ്രശ്നത്തിനു പരിഹാരമാകും. ട്രെയിന്‍ പുനലൂരിലേക്ക് നീട്ടുന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡില്‍ നിന്നും ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം രാത്രിയില്‍ ഈ റൂട്ടില്‍ ഏര്‍പ്പെടുത്തുന്ന ഫിക്സഡ് ടൈം കോറിഡോര്‍ ബ്ലോക്ക് നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ് പുനലൂരിലേക്ക് നീട്ടുന്നതിന് ആവശ്യമായ തരത്തില്‍ ക്രമീകരിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വേളാങ്കണ്ണി ട്രെയിന്‍ എല്ലാദിവസവും
നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന തരത്തില്‍ ഡെയ്ലി എക്സ്പ്രസായി മാറ്റണമെന്ന ആവശ്യത്തിലും റെയില്‍വേ മന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂല നിലപാടാണെന്ന് എംപി പറഞ്ഞു.
നേരത്തെ ഇതു സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നതായും എംപി പറഞ്ഞു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന റേക്ക് കാലപ്പഴക്കം മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതിനാല് ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതിയ കോച്ചുകളും ലഭ്യമാക്കിയിട്ടുണ്ട്.
മധുര ഡിവിഷന്റെ പരിധിയിലുള്ള റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകുന്നതോടുകൂടി വേളാങ്കണ്ണി എക്സ്പ്രസ് 22 കോച്ചുകള്‍ ഉള്ള ട്രെയിനായി ഉയര്‍ത്താമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
നേരത്തെ മീറ്റര്‍ ഗേജ് പാതയുടെ കാലത്ത് സര്‍വീസ് നടത്തിയിരുന്ന കൊല്ലം-കോയമ്പത്തൂര്‍ ട്രെയിനിന് പകരമായി പ്ലാറ്റ്ഫോം ലഭ്യതയുള്ള കോട്ടയത്തനിന്നും സര്‍വീസ് ആരംഭിച്ച് കൊല്ലം, പുനലൂര്‍, മധുര, പളനി വഴി ഈറോഡിലേക്ക് പുതിയ എക്സ്പ്രസ് ട്രെയിന്‍ എന്ന ആവശ്യവും റെയില്‍വേ മന്ത്രിയും ബോര്‍ഡും അംഗീകരിച്ചു.
ഈ സര്‍വീസ് ആരംഭിക്കുന്നതോടുകൂടി മധ്യകേരളത്തില്‍നിന്നും മധുര, പളനി തുടങ്ങിയ ക്ഷേത്രങ്ങിലേക്ക് ചുരുങ്ങിയ ചെലവില്‍ തീര്‍ഥാടകര്‍ക്ക് എത്താന്‍ ആകും. കോയമ്പത്തൂരില്‍ പ്ലാറ്റ്ഫോം ലഭ്യമല്ലാത്തതിനാലാണ് ഈറോഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്.
മെമുവിൽ കോച്ചുകള്‍ വര്‍ധിപ്പിക്കും
കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം എട്ടെണ്ണം മാത്രമാണ്. വലിയ തിരക്കുള്ള ഈ ട്രെയിനുകളില്‍ എട്ടു കോച്ചുകള്‍ എന്നുള്ളത് സ്ഥിരം യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇതിന് പരിഹാരമായി നിലവില്‍ എട്ടു കോച്ചുള്ള മെമു ട്രെയിനുകള്‍ 12 കോച്ചുകളായും 12 കോച്ചുകള്‍ ഉള്ളവ 16 കോച്ചുള്ള ട്രെയിനുകളായി ഉയര്‍ത്താമെന്നും എംപിയുടെ ആവശ്യത്തിൽ മന്ത്രി ഉറപ്പു നല്കി.
ചെന്നൈ എഗ്മൂര്‍ സ്റ്റേഷനിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കോട്ടയത്ത് നിന്നും കൊല്ലം വഴി താമ്പരത്തേക്ക് പുതിയ എസി വീക്കിലി എക്സ്പ്രസ് ട്രെയിന്‍ ആരംഭിക്കണമെന്നുള്ള ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി എംപി പറഞ്ഞു.
പാര്‍ക്കിംഗ് ഫീസ് വര്‍ധന കുറയ്ക്കണം
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരം ഡിവിഷനില്‍ അനിയന്ത്രിതമായി ഉയര്‍ത്തിയ പാര്‍ക്കിംഗ് ഫീവര്ധനവ് പുനഃപരിശോധിക്കണമെന്നും നിലവിലെ വര്‍ധനവ് സ്ഥിരംയാത്രക്കാര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ ഓഫീസില്‍നിന്നും തിരുവനന്തപുരം ഡിവിഷന് ജനറല്‍ മാനേജര്രോട് മന്ത്രിയുടെ ഓഫീസ് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും എംപി പറഞ്ഞു.