നായപിടിത്തം മന്ദഗതിയില്‍; ഭീഷണിയായി തെരുവുനായകൾ
1572317
Thursday, July 3, 2025 12:05 AM IST
കോട്ടയം: നായപിടിത്തവും വന്ധ്യംകരണവുമൊക്കെ വീണ്ടും പ്രഹസനമായി. മൂന്നു ദിവസം അങ്ങിങ്ങ് തുടങ്ങിയ നായപിടിത്തം ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. നായപിടിത്തക്കാര്‍ ഇറങ്ങിയതോടെ തെരുവുനായകള്‍ കൂട്ടത്തോടെ സ്ഥലം വിട്ടതിനാല്‍ പിടിക്കാന്‍ കിട്ടുന്നില്ലെന്നാണ് പരാതി.
ഒരു നായയെ നെറ്റില്‍ കുരുക്കി പിടികൂടി വാഹനത്തിലെത്തിച്ച് വന്ധ്യംകരണത്തിനുശേഷം അതേ സ്ഥലത്ത് തിരികെ വിടുന്നതിന് 500 രൂപയാണ് പ്രതിഫലം. തുടക്കത്തില്‍ അഞ്ചു നായകളെ വരെ പിടികൂടിയവരുണ്ട്.
നിലവില്‍ നായപിടിത്തക്കാരുടെ സാന്നിധ്യം അറിയുമ്പോള്‍തന്നെ നായകള്‍ ഓടിപ്പോകും. പിന്നീട് ആഴ്ചകള്‍ക്കു ശേഷമേ ഇവ തിരികെ വരൂ.
ഗ്രാമങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ തമ്പടിച്ചിരിക്കുന്നതും ഒറ്റ തിരിഞ്ഞുനടക്കുന്നതുമായ നായകളെ പിടികൂടാന്‍ തുടങ്ങിയിട്ടില്ല. പേ വിഷബാധയ്ക്കുള്ള സാധ്യത ഏറിവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കടുത്ത അനാസ്ഥയാണ് ഈ മേഖലയില്‍ പുലര്‍ത്തുന്നത്.
നായശല്യം രൂക്ഷമായതോടെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും പ്രഭാതസായാഹ്ന നടപ്പുകാരുമാണ് ആശങ്കയിലായത്. വടിയോ ആയുധമോ കൈവശമില്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. സ്കൂള്‍ കുട്ടികളെ നായകള്‍ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവായതോടെ രക്ഷിതാക്കളും ആശങ്കയിലാണ്.
പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നിരവധി പേരെ ആക്രമിച്ച നായയ്ക്ക് പേ വിഷബാധയുള്ളതായാണ് സൂചന. കടിയേറ്റവരെല്ലാം പ്രതിരോധ കുത്തിവയ്പെടുത്തു.