ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
1572036
Wednesday, July 2, 2025 12:04 AM IST
ചിങ്ങവനം: കഴിഞ്ഞ രാത്രി കോട്ടയം കോടിമതയിൽ ബൊലോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. മൂന്ന് പേര്‍ക്കു പരിക്കേറ്റു. കൊല്ലാട്, കുഴക്കീല്‍ ജയിംസിന്റെ മകന് ജെയ്മോന് (43), കൊല്ലാട്, നാല്‍ക്കവലയ്ക്കു സമീപം മംഗളാലയത്തില്‍ സുനിലിന്റെ മകന് അര്ജുന്(19) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ 12.10ന് എംസി റോഡില്‍ കോടിമതയിലായിരുന്നു അപകടം. ജയ്മോന് കൊല്ലാട് ബോട്ടുജട്ടി കവലയ്ക്കു സമീപം വാങ്ങിയ വീട്ടിലേക്ക് സാധനങ്ങള്‍ ഇറക്കിയശേഷം ഭക്ഷണം കഴിക്കാനായി പോകുമ്പോഴാണ് അപകടം. എതിര്‍ദിശയില്‍നിന്നെത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു.
ജീപ്പില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ജെയ്മോന്റെ സഹോദരി പുത്രന്റെ സുഹൃത്തുക്കളാണ് കൂടെയുണ്ടായിരുന്നവര്‍. ഇടിയുടെ ആഘാതത്തില്‍ ബൊലോറോ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണു പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ട്രാഫിക് സിഗ്നല്‍ ലൈറ്റിന്റെ വര്‍ക്കുകള്‍ ചെയ്തുവരികയായിരുന്നു ജെയിംസ്. പ്ലസ്ടു പഠനത്തിന് ശേഷം ജെസിബി ഡ്രൈവിംഗ് പഠിക്കകയായിരുന്നു അര്ജുന്.
അപകടവിവരമറിഞ്ഞ് കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്തെത്തി. ജീപ്പ് ഓടിച്ചിരുന്ന ജയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സിലും മറ്റ് ആംബുലന്സുകളിലുമായാണു പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പിക്കപ്പ് വാനിനുള്ളില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഓയിലും രക്തവും പരന്നൊഴുകിയിരുന്നു. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് കഴുകിക്കളഞ്ഞത്. എംസി റോഡില്‍ അരമണിക്കൂര്‍ ഗതാഗത തടസവുമുണ്ടായി. ചിങ്ങവനം പോലീസ് സംഘം അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തി.
ജയ്മോന്റെ ഭാര്യ അനിമോള്‍ ഐസക്ക്, മക്കള്‍: ജോഷ്വാ, ജുവാന. സംസ്കാരം നാളെ രാവിലെ 11ന് കടുവാക്കളും ലിറ്റിൽ ഫ്ലവർ പള്ളിയിൽ. മൃതദേഹം ഇന്നു വൈകന്നേരം നാലിന് വീട്ടിലെത്തിക്കും. അര്‍ജുന്റെ മാതാവ് മഞ്ജു. സഹോദരന്: രാഹുല്‍. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍.