ഓൺലൈൻ തട്ടിപ്പ്: വടവാതൂർ സ്വദേശിയുടെ 1.64 കോടി തട്ടിയ പ്രതി അറസ്റ്റിൽ
1571863
Tuesday, July 1, 2025 3:21 AM IST
കോട്ടയം: ഓൺലൈൻ തട്ടിപ്പുവഴി വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനാല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തുനിന്നും അറസ്റ്റിലായി. വിശാഖപട്ടണം ഗാന്ധിനഗർ സ്വദേശിയായ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബർ പോലീസിന്റെ പിടിയിലായത്.
ഓൺലൈൻ ഷെയർ ട്രേഡിംഗ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചശേഷം ചെറിയ തുക നിക്ഷേപിച്ച് ട്രേഡിംഗിലൂടെ എന്നു പറഞ്ഞു ലാഭംകൊടുത്ത് വിശ്വാസം ആർജിച്ചശേഷം തട്ടിപ്പ് നടത്തുകയായിരുന്നു.
വലിയ തുകയുടെ ട്രേഡിംഗിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല പ്രാവശ്യമായി 1,64,00,141 രൂപ പല അക്കൗണ്ടുകളിൽനിന്നായി പ്രതി കൈക്കലാക്കുകയായിരുന്നു. ഏപ്രിൽ 28 മുതൽ മേയ് 20 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഓൺലൈനിൽ ഷെയർ ട്രേഡിംഗിനെക്കുറിച്ച് സെർച്ച് ചെയ്ത യുവാവിന് വാട്സാപ്പിൽ കങ്കണ ശർമ എന്ന പേരിൽ”ഷെയർ ട്രേഡിംഗിൽ താല്പര്യമുണ്ടോ ഞങ്ങൾ സഹായിക്കാം’’ എന്ന മെസേജ് ലഭിച്ചു.
ഈ സമയം കമ്പനിയെക്കുറിച്ചും സ്റ്റാഫിനെപ്പറ്റിയും അന്വേഷിച്ചതിൽ ഇങ്ങനെ ഒരു സ്ഥാപനം നിലവിലുണ്ടെന്നും കങ്കണ ശർമ എന്ന ഒരു സ്റ്റാഫ് ഈ സ്ഥാപനത്തിൽ ഉണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു. തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവ് തട്ടിപ്പുകാർ തയാറാക്കിയ വ്യാജ കമ്പനിയുടെ സൈറ്റിൽ പ്രവേശിക്കുകയായിരുന്നു.
തട്ടിപ്പുകാർ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തു ട്രേഡിംഗ് നടത്തിയ യുവാവ്, നിക്ഷേപിച്ച തുകയ്ക്ക് വലിയ തുക ലാഭമായി തന്റെ അക്കൗണ്ടിൽ വന്നതായി ബോധ്യപ്പെട്ടു. എന്നാൽ, ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നും തനിക്ക് പണം നഷ്ടപ്പെട്ടെന്നും യുവാവിന് ബോധ്യമായത്. ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ വിശാഖപട്ടണത്തുനിന്നു പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.