ചെത്തിപ്പുഴ സര്‍ഗക്ഷേത്രയില്‍ ജര്‍മന്‍ ഫുഡ് ഫെസ്റ്റ്
1571702
Monday, June 30, 2025 7:20 AM IST
ചങ്ങനാശേരി: കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിജ്ഞാനവും വിനോദവും പകരുന്നതിനായി സര്‍ഗക്ഷേത്ര അക്കാഡമി സംഘടിപ്പിച്ച ജര്‍മന്‍ ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. ജര്‍മന്‍ സംസ്കാരത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ടൊരു അനുഭവമായിരുന്നു.
ആധുനികവും പരമ്പരാഗതവുമായ ഭക്ഷണവിഭവങ്ങളുടെ വിശദീകരണവും ജര്‍മന്‍ ഭാഷയില്‍ത്തന്നെയായിരുന്നു. പാചകത്തിന്റെയും ഭാഷയുടെയും ഒരുമയിലൂടെ ജര്‍മന്‍ സംസ്കാരത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും പഠിക്കാനുള്ള അപൂര്‍വ അവസരം വിദ്യാര്‍ഥികള്‍ക്ക് സര്‍ഗക്ഷേത്ര ഒരുക്കുകയായിരുന്നു.
ഫുഡ് ഫെസ്റ്റ് പൂര്‍ണമായും ജര്‍മന്‍ ഭാഷയില്‍ അവതരിപ്പിക്കാനും അതത് സ്റ്റാളുകള്‍ ജര്‍മന്‍-യൂറോപ്യന്‍ സ്റ്റൈലില്‍ ക്രമീകരിക്കാനും സാധിച്ചു. അക്കാഡമിയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സര്‍ഗക്ഷേത്ര സ്റ്റാഫ്സ് എന്നിവര്‍ പങ്കെടുത്തു. ഫെസ്റ്റില്‍ ബ്രോട്ട് (റൊട്ടി), വുര്സ്റ്റ് (സോസേജ്), കാര്‍ട്ടോഫെല്‍ സലാറ്റ് (പൊട്ടറ്റോ സാലഡ്), സ്പാറ്റ്സല് (ഒരുതരം നൂഡില്‍സ്), പ്രെറ്റ്സല്‍, ഷ്നിറ്റ്സെല്‍ എന്നിവയായിരുന്നു പ്രധാന ഭക്ഷണ വിഭവങ്ങള്‍.
ജർമനിയിൽ പഠനത്തിനായും ജോലിക്കായും തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാണെന്ന് സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ അഭിപ്രായപ്പെട്ടു.