തകർന്ന റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് വേറിട്ട സമരവുമായി യുഡിഎഫ്
1571698
Monday, June 30, 2025 7:17 AM IST
മുണ്ടത്താനം: തകർന്ന റോഡ് പുനരുദ്ധരിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ വ്യത്യസ്ത സമരപാത. കോട്ടയം -പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പത്തനാട്-കുളത്തൂർമൂഴി റോഡ് തകർന്ന് പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ട് കാൽനടയാത്രപോലും ദുഷ്കരമായിട്ട് വർഷങ്ങൾ ഏറെയായെങ്കിലും അധികൃതർ റോഡിനോട് തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് കങ്ങഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.
യാത്ര ദുഷ്കരമായ റോഡിലൂടെ സഞ്ചരിക്കുന്നവർക്കും കാൽനടയാത്രികർക്കും വാഹനങ്ങൾക്കും സ്വീകരണം നൽകിയാണ് വ്യത്യസ്ത സമരരീതി യുഡിഎഫ് അവലംബിച്ചത്. യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ചെയർമാൻ സി.വി. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിൻ സലിം അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.ജെ. വർഗീസ്, നാസർ കങ്ങഴ, ജമാലുദ്ദീൻ വാഴത്തറ, സണ്ണി മുക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.