അങ്കണവാടി വർക്കർ നിയമനങ്ങൾ മാനദണ്ഡം പാലിച്ചാണെന്ന് എൽഡിഎഫ്
1571692
Monday, June 30, 2025 7:17 AM IST
വെള്ളൂർ: വെള്ളൂർ പഞ്ചായത്തിലെ അങ്കണവാടി, വർക്കർ നിയമനങ്ങൾ നടന്നത് മാനദണ്ഡങ്ങൾ പാലിച്ചു സുതാര്യമായാണെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി. ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖ പരീക്ഷയും സാമൂഹിക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിൽ പൂർത്തിയാക്കി 2024 ഫെബ്രുവരിയിൽ 42 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധികരിച്ചു.
തുടർന്ന് ഈ ലിസ്റ്റിൽനിന്ന് വിവിധ ഘട്ടങ്ങളിലായി വർക്കർ തസ്തികയിലേക്ക് മൂന്നു സ്ഥിരനിയമനവും രണ്ടു താത്കാലിക നിയമനവും ഹെൽപ്പർ തസ്തിയിലേക്ക് ഒരു സ്ഥിരനിയമനവും ഒരു താത്രാലിക നിയമനവുമാണ് കഴിഞ്ഞ ഒന്നര വർഷക്കാലത്തിനിടയിൽ നടന്നത്.
മുഴുവൻ നിയമനങ്ങളും റാങ്ക് ലിസ്റ്റിൽനിന്ന് സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നടന്നത്. 2027 ജനുവരി മാസം വരെ ഈ റാങ്ക് ലിസ്റ്റിന് കാലാവധിയുണ്ട്. തുടർന്ന് വരുന്ന ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽനിന്നാണ് നിയമനം നടക്കേണ്ടത്.
യാഥാർഥ്യം ഇതായിരിക്കേ ഒന്നര വർഷം മുമ്പ് പ്രസിദ്ധികരിച്ച റാങ്ക് ലിസ്റ്റിൽ നാളിതുവരെ യാതൊരു ആക്ഷേപവും ഉന്നയിക്കാത്ത യുഡിഎഫ് നേതൃത്വം ആരോപണവുമായി ഇപ്പോൾ രംഗത്തു വന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് എൽഡിഎഫ് വെള്ളൂർ പഞ്ചായത്ത് കൺവീനർ ടി.വി. ബേബി ആരോപിച്ചു.