ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പിന്നില്‍ ബ്ലേഡ് മാഫിയ ഭീഷണിയെന്ന് സൂചന
1571712
Monday, June 30, 2025 11:59 PM IST
രാമപുരം: രാമപുരം സ്വദേശികളായ ദമ്പതികളെ ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലത്ത് വാടക വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് സംശയം. കഴിഞ്ഞ ദിവസം ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കള്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മര്‍ദിച്ചുവെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബന്ധക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു വരികയാണ്.
ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിഷ്ണുവിന്റെ ഭാര്യയെ അവിടെയെത്തി അവഹേളിക്കുമെന്നും ഈ സംഘം ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിഷ്ണുവിനൊപ്പം ജീവനൊടുക്കിയ ഭാര്യ രശ്മി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ടാണ്. കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന വിഷ്ണു കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ബ്ലേഡ് മാഫിയ സംഘങ്ങളുടെ കെണിയില്‍പ്പെട്ട ഇയാള്‍ നിരന്തരമായ ഭീഷണിക്കും വിധേയനായിരുന്നു. ചെറുകിട കരാറുകള്‍ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്ക് പലിശ നല്കി മുന്പോട്ട് പോകവേയാണ് കടുത്തുരുത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലേഡ് സംഘം സമ്മര്‍ദ്ദം ശക്തമാക്കിയതും ഭീഷണി മുഴക്കിയതും മര്‍ദിച്ചതെന്നുമാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്.
രാമപുരം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ വിഷ്ണു പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേള നല്കി ബിസിനസ് തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ യുവാവ്.
ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നു രാവിലെ ഒന്‍പതിന് കൂടപ്പുലത്തുള്ള വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍.