അക്കരപ്പാടം ടര്‍ഫ് സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്
1571695
Monday, June 30, 2025 7:17 AM IST
വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം ടര്‍ഫ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് രണ്ടിന് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കും. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 60 ലക്ഷം രൂപ അടക്കം 1.10 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
അക്കരപ്പാടം ഗവൺമെന്റ് യുപി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനതിൽ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
വൈക്കം നിയോജക മണ്ഡലത്തില്‍ നിലവില്‍ നിര്‍മാണപ്രവർത്തനങ്ങൾ നടന്നുവരുന്ന സ്റ്റേഡിയങ്ങളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്ന ആദ്യ സ്റ്റേഡിയമാണ് അക്കരപ്പാടം ടര്‍ഫ് ഗ്രൗണ്ട്. വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്.