ഇന്ന് ഡോക്ടേഴ്സ് ദിനം; പാലായിലെ ഓടുന്ന ഡോക്ടർ
1571752
Tuesday, July 1, 2025 12:00 AM IST
പാലാ: ആതുരസേവനത്തില്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ നടത്തിയ ഡോ. ഖലീല്‍ ഐസക്ക് മത്തായി ഇടയ്ക്കിടെ ഓടും. ചെറിയ ഓട്ടമല്ല പത്തും നാല്പതും കിലോമീറ്റര്‍. ആരോഗ്യം വിലപ്പെട്ടതാണെന്ന സന്ദേശം സമൂഹത്തെ അറിയിക്കുകയാണ് മാരത്തണിലൂടെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോസര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ഖലീല്‍ ഐസക്ക് മത്തായി. 66 വയസിനിടെ ഡോക്ടര്‍ പൂര്‍ത്തിയാക്കിയത് മുപ്പത്തിയഞ്ചിലേറെ മാരത്തണുകളാണ്.
ഇതില്‍ പത്തെണ്ണം 42 കി.മീ ഫുള്‍ മാരത്തണുകളായിരുന്നു. മുംബൈയില്‍ മുന്‍പ് നടന്ന ഹാഫ് മാരത്തണില്‍ വെറ്ററന്‍ വിഭാഗത്തില്‍ ചാമ്പ്യനാണ് ഡോ. ഖലീല്‍ ഐസക്ക് മത്തായി. സൈന്യത്തില്‍ മൂന്നര പതിറ്റാണ്ടു നീണ്ട സേവനത്തിനിടയിലും ചിട്ടയായ വ്യായാമവും ബോധവത്കരണവും മുടക്കിയില്ല.
വ്യോമസേനയുടെ കമാന്‍ഡ് ഹോസ്പിറ്റലില്‍ സര്‍ജറി ആന്‍ഡ് ന്യൂറോസര്‍ജറി വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ പൂന യൂണിവേഴ്സിറ്റി നടത്തിയ ഡെക്കാത്തലണില്‍ ഒന്നാം സ്ഥാനം, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ മികച്ച അത്ലറ്റ് തുടങ്ങിയ അംഗീകാരങ്ങള്‍ കൈവരിച്ചു. കന്യാകുമാരിയില്‍നിന്ന് മുംബൈ വരെ സൈക്കിള്‍ ചവിട്ടിയും ആരോഗ്യസന്ദേശവുമായി മാതൃകയാകാന്‍ സാധിച്ചു.
വൈദ്യവും വ്യായാമവും ഒരുമിപ്പിച്ച ഡോക്ടര്‍ വായനയിലും എഴുത്തിലും സജീവമാണ്. ഇതോടകം പത്ത് ഫിക്ഷന്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറിയില്‍ പഠന ഗ്രന്ഥം എഴുതിയതിനു പുറമേ മുപ്പതില്പരം ജേര്‍ണലുകളിലും പഠന ലേഖനങ്ങള്‍ എഴുതി. തന്റെ ശസ്ത്രകിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരെ സന്ദര്‍ശിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും സമയം കണ്ടെത്തുന്നതും പതിവാണ്. കോട്ടയം പാലത്തിങ്കല്‍ കുടുംബാംഗമാണ് ഡോ. ഖലീല്‍. ഭാര്യ വൈസ് അഡ്മിറല്‍ (റിട്ട) ഡോ. ഷീല മത്തായി മണിപ്പാല്‍ കസ്തൂര്‍ബാ ഗാന്ധി മെഡിക്കല്‍ കോളജ് നവജാത ശുശുവിഭാഗം മേധാവിയാണ്.