ലഹരിക്ക് ബദൽ സ്പോർട്സ്: മന്ത്രി വി. അബ്ദുൾ റഹ്മാൻ
1571844
Tuesday, July 1, 2025 3:19 AM IST
വൈക്കം: ലഹരിക്കു ബദലായി കുട്ടികൾക്ക് ഊർജം പകരാൻ സ്പോർട്സിനാകുമെന്നു കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ. സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം ടര്‍ഫ് സ്റ്റേഡിയം നാടിനു സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 300 പഞ്ചായത്തുകളിലാണ് കളിക്കളമില്ലാതിരുന്നത്. ഇപ്പോഴത് 200ൽ താഴെയായി കുറഞ്ഞു. ബാക്കി ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാനുള്ള ശ്രമം ദ്രുതഗതിയിൽ നടന്നുവരുന്നു. 1,400 കോടി കിഫ്ബി ഫണ്ടിൽനിന്നും 500 ലധികം കോടി പ്ലാൻ ഫണ്ടിൽനിന്നുമടക്കം 2,000 കോടി രൂപ ചെലവഴിച്ചു കായിക അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നുവരുന്നു. അതിനുപുറമേ 369 വലിയ കളിക്കളങ്ങൾ പൂർത്തിയായി.
ജില്ലാ ആസ്ഥാനങ്ങളിലും കളിക്കളങ്ങൾ നിർമിക്കുന്നു. ഗ്രാമങ്ങളിലെ എല്ലാ പ്രായക്കാരുടെയും കായികക്ഷമത വർധിപ്പിക്കാൻ കായികകേരളം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കുട്ടിച്ചേർത്തു. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 60 ലക്ഷം രൂപയുമടക്കം 1.10 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
അക്കരപ്പാടം ഗവൺമെന്റ് യുപി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തിൽ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വൈക്കം നിയോജക മണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്ന ആദ്യ സ്റ്റേഡിയമാണ് അക്കരപ്പാടം ടര്‍ഫ് ഗ്രൗണ്ട്.