അനുവാദം നൽകിയാൽ ബസ് സ്റ്റാൻഡ് റോഡ് നവീകരിക്കാൻ തയാറെന്ന് ബസുടമകൾ
1571718
Monday, June 30, 2025 11:59 PM IST
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡ് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു പറയുന്പോൾ പഞ്ചായത്തും ദേശീയപാത വിഭാഗവും പരസ്പരം കൈയൊഴിയുകയാണെന്നും അനുവാദം നൽകിയാൽ പണം മുടക്കി കോൺക്രീറ്റ് ചെയ്തു നവീകരിക്കാൻ തയാറാണെന്നും ബസുടമകൾ. ദേശീയപാതയിൽനിന്നു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നതും ഇറങ്ങുന്നതുമായ റോഡിലെ കോൺക്രീറ്റിംഗും ഓടയ്ക്കു മീതെയുള്ള സ്ലാബുകളും തകർന്ന് ബസുകൾക്ക് കേടുപാടുകൾ പതിവായതോടെയാണ് ബസുടമകൾ ഇക്കാര്യം അറിയിച്ചത്.
കോൺക്രീറ്റ് സ്ലാബുകൾ തകർന്നു കമ്പികൾ ഉയർന്നു നിൽക്കുന്നത് കാൽനട യാത്രികർക്ക് അപകട സാധ്യതയും ബസുകൾക്കു കേടുപാടും ഉണ്ടാക്കുകയാണ്. ഇന്നലെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിലോടുന്ന "അനസ് മോൻ' എന്ന സ്വകാര്യ ബസിന്റെ അടിവശം ഇടിച്ച് പിൻഭാഗത്തെ ബ്രേക്ക് ലൈറ്റ് ഉൾപ്പെടെയുള്ള ഒരു ഭാഗം തകർന്നു. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ഹബീബി കരീം പറഞ്ഞു. കഴിഞ്ഞ ദിവസം സ്റ്റാൻഡിലെ വ്യാപാരി കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്കു പോകുന്ന വഴി ഓടയിലെ വിടവിൽ വീണ് സ്കൂട്ടറിന് കാര്യമായ കേടുപാടുണ്ടായി.
പഞ്ചായത്തിൽ പരാതിപ്പെടുമ്പോൾ ദേശീയപാത വിഭാഗമാണ് ഇവിടെ നവീകരണം നടത്തേണ്ടതെന്നും, ദേശീയപാത വിഭാഗത്തിൽ പരാതിപ്പെടുമ്പോൾ പഞ്ചായത്താണ് പണികൾ നടത്തേണ്ടതെന്നും പറഞ്ഞ് അധികൃതർ പരസ്പരം കൈയൊഴിയുകയാണെന്നും ബസ് ഉടമകളും ജീവനക്കാരും ആരോപിക്കുന്നു.
മുൻപ് ദിവസങ്ങളോളം ബസ് സ്റ്റാൻഡ് അടച്ചിട്ട് ചെയ്ത് നവീകരണം നടത്തിയപ്പോൾ കവാടത്തിൽ ബസ് ഉടമകൾ പണം മുടക്കി കോൺക്രീറ്റ് ചെയ്തിരുന്നതായും ഇവർ പറയുന്നു. ബസ് സ്റ്റാൻഡ് കുറച്ചു ദിവസം അടച്ചിട്ട് സഹകരിക്കുകയാണെങ്കിൽ തങ്ങൾ പണം മുടക്കി ഇവിടെ കോൺക്രീറ്റ് ചെയ്തു നവീകരിക്കാൻ തയാറാണെന്നും ബസുടമകൾ പറയുന്നു. കോൺക്രീറ്റ് ചെയ്ത ശേഷം അതിനു മുകളിലാണ് ടാറിംഗ് നടത്തിയത്.
മുകളിലത്തെ ടാറിംഗും അടിയിലെ കോൺക്രീറ്റിംഗും തകർന്ന നിലയിലായി. ഇതോടെ ബസുകൾക്ക് ദേശീയപാതയിലേക്കു പ്രവേശിക്കാനും ഇറങ്ങാനും ബുദ്ധിമുട്ടായി. കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നുപോകാൻ കഴിയുന്ന ഭാഗത്തെ കോൺക്രീറ്റിംഗാണു തകർന്ന് കുഴികളായത്. ഇതോടെ ഇവിടെ അപകടസാധ്യതയും വർധിച്ചു. ബസുകൾ കടന്നുപോകുമ്പോൾ കുഴികളിൽ ചാടിയും ബസിന്റെ അടിവശം ഇടിച്ചും റോഡ് കൂടുതൽ തകരുന്ന സ്ഥിതിയാണ്.