സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നില്ല; അപേക്ഷകർ വലയുന്നു
1571423
Sunday, June 29, 2025 11:49 PM IST
എരുമേലി: പഞ്ചായത്ത് ഓഫീസ് കെ-സ്മാർട്ട് ആകുമ്പോൾ എല്ലാം സ്മാർട്ട് ആകുമെന്നത് വെറുതെയായി. നേരിട്ട് അപേക്ഷകളുമായി വരുന്നവരോട് അക്ഷയ സെന്ററിലോ സിഎസ്സികളിലോ പോയി ഓൺലൈൻ വഴി അയയ്ക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞുവിടുന്നു. ഓൺലൈനായി പഞ്ചായത്ത് ഓഫീസിൽ തന്നെ ചെയ്യാൻ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ സംവിധാനം ഉണ്ടെന്നിരിക്കെയാണ് ഉദ്യോഗസ്ഥർ ജനങ്ങളെ പഞ്ചായത്ത് ഓഫീസിൽനിന്ന് ഓൺലൈൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞുവിട്ടുകൊണ്ടിരിക്കുന്നത്.
എരുമേലിയിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ എന്ന ബോർഡ് മാത്രമാണുള്ളതെന്നും സേവനം ഇല്ലെന്നും ആക്ഷേപം ശക്തമാണ്. 2023 നവംബർ ഒന്നുമുതൽ എല്ലാ പഞ്ചായത്ത് ഓഫീസിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ സർക്കാർ ഉത്തരവ് നൽകിയതാണ്. കെ-സ്മാർട്ട് ആയതോടെ ഈ സെന്ററുകളെ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
പഞ്ചായത്ത് ഓഫീസിലേക്ക് ഏതു സേവനം തേടിയെത്തുന്നവർക്കും സെന്ററിൽനിന്ന് സഹായം ഒരുക്കണമെന്നാണ് നിർദേശം. ഇതിനായി സെന്ററിൽ ലാപ്ടോപ് ഉൾപ്പെടെ ഇന്റർനെറ്റ് സംവിധാനങ്ങൾ സജ്ജമാക്കാനും ജീവനക്കാരെ നിയോഗിക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, എരുമേലി പഞ്ചായത്ത് ഓഫീസിലെ സെന്ററിൽ ഒരു മേശയും കസേരയുമല്ലാതെ ജീവനക്കാരനോ ലാപ്ടോപ്പോ മറ്റു സൗകര്യങ്ങളോ ഇല്ല. ജീവനക്കാരുടെ അഭാവത്തിൽ പരിചയശേഷിയും യോഗ്യതയുമുള്ളവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ മാർഗവും എരുമേലിയിൽ സ്വീകരിച്ചിട്ടില്ല.
പാവപ്പെട്ടവർക്ക് ദാരിദ്ര്യ രേഖയിൽ ഉൾപ്പെടാനുള്ള അപേക്ഷയ്ക്കു പോലും ഓൺലൈൻ കേന്ദ്രങ്ങളിൽ 70 രൂപയാണ് ഫീസ്. ഇത് തികച്ചും സൗജന്യമായി പഞ്ചായത്ത് ഓഫീസിൽനിന്നു ചെയ്തു നൽകേണ്ടതാണെന്നുള്ളത് വിസ്മരിക്കുകയാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ. വിവാഹം, ജനന, മരണ രജിസ്ട്രേഷനുകൾ, കെട്ടിട നിർമാണ പെർമിറ്റ്, ലൈസൻസ്, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയ്ക്കെല്ലാം തോന്നുംപടി ഫീസാണ് ചില ഓൺലൈൻ കേന്ദ്രങ്ങളിൽ വാങ്ങുന്നത്. ചില അപേക്ഷകൾക്ക് ഫീസിനു പുറമേ സർവീസ് ചാർജായി 30 രൂപയും ഈടാക്കുന്നുണ്ട്.
പഞ്ചായത്ത് ഓഫീസിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തന സജ്ജമാക്കുകയും ഓൺലൈൻ കേന്ദ്രങ്ങളിൽ മിതമായ അംഗീകൃത ഫീസ് നിരക്ക് ഉറപ്പാക്കുകയും ചെയ്താൽ ചൂഷണം ഒഴിയുകയും ജനങ്ങൾക്ക് നീതിയും മികച്ച സേവനവും ലഭ്യമാവുകയും ചയ്യും. ഇതിന് ജനപ്രതിനിധികൾ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. കെ-സ്മാർട്ട് നടപ്പിലാക്കിയ ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനുശേഷം എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് വഴി നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നില്ല. ഓൺലൈനായാണ് സ്വീകരിക്കുന്നത്. ഓൺലൈൻ മുഖേന സ്വന്തമായി അപേക്ഷകൾ നൽകാൻ അറിവും പരിചയവുമില്ലാത്ത സാധാരണക്കാരും പാവപ്പെട്ടവരുമാണ് ഏറെയും. ഇവർക്ക് പ്രയോജനകരമായി സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ മാറിയില്ലങ്കിൽ കെ-സ്മാർട്ടിന്റെ മറവിൽ ചൂഷണത്തിന് അവസരമൊരുങ്ങും.