തൃക്കോതമംഗലം സെന്റ് ജയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മോഷണം
1571682
Monday, June 30, 2025 7:05 AM IST
പുതുപ്പള്ളി: പുതുപ്പള്ളി തൃക്കോതമംഗലം സെന്റ് ജയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മോഷണം. പള്ളിയിലെ ഓഫീസ് മുറിയും, വൈദികന്റെ മുറിയും കുത്തിത്തുറന്ന മോഷ്ടാവ് ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 12 സ്വര്‍ണത്താലികള്‍ കവര്‍ന്നു.
പള്ളിയില്‍ മൃതസംസ്കാരം നടത്തിയ സ്ത്രീകളുടെ സ്വര്ണത്താലികളാണ് ഓഫീസില്‍ സൂക്ഷിച്ചിരുന്നത്. പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന സ്റ്റോര്‍ മുറിയില്‍നിന്നു തൊഴിലാളിയുടെ മുണ്ടും കാണാതായിട്ടുണ്ട്. ഈ മുണ്ട് പിന്നീട് പള്ളിയുടെ ശവക്കോട്ടയില്നിന്നു കണ്ടെത്തുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ പള്ളി തുറക്കാന്‍ എത്തിയ കപ്യാരാണ് വൈദികന്റെ മുറി തുറന്നുകിടക്കുന്നതു കണ്ടത്. തുടര്‍ന്ന് പള്ളി സെക്രട്ടറിയെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഓഫീസ് മുറിയും സമാനരീതിയില്‍ കുത്തിത്തുറന്നതായി കണ്ടെത്തിയത്.
തുടന്നു പോലീസില്‍ വിവരമറിയിച്ചു. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.