പാലായെ ‘തിരുനാൾ വൈബിലാക്കി ’ സിനിമാ ഷൂട്ടിംഗ്
1571751
Tuesday, July 1, 2025 12:00 AM IST
കോട്ടയം: ഡിസംബറിലെ പാലാക്കാരുടെ സ്വന്തം ജൂബിലി തിരുനാളിന്റെ അതേ ആളും ബഹളവും. ദീപാലങ്കാരങ്ങളും വെള്ളിത്തോരണങ്ങളും മാല ബള്‍ബുകളും ഉഴുന്നാട വഴിയോരക്കടകളുമെല്ലാം അതേപടി. പാലാ വീണ്ടും ജൂബിലി തിരുനാള്‍ ആഘോഷത്തിന്റെ മൂഡിലാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പന്’ സിനിമയുടെ ഷൂട്ടിംഗാണ് കഴിഞ്ഞ മൂന്നു ദിവസമായി പാലായില്‍ നടന്നുവരുന്നത്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ വരെയാണ് ഷൂട്ട്. വാദ്യോപകരണങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെയുള്ള രാത്രി പ്രദക്ഷിണമാണ് രണ്ടു ദിവസമായി ചിത്രീകരിച്ചത്.
സ്റ്റേഡിയം ജംഗ്ഷനില്‍നിന്നു ജൂബിലി പന്തലിലേക്കുള്ള പ്രദക്ഷിണത്തിന്റെ ഷൂട്ടാണ് നടന്നുവരുന്നത്. പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള ആയിരത്തോളം ജൂണിയര്‍ ആര്‍ട്ടി സ്റ്റുകളാണ് മുത്തുക്കുടകളുമേന്തി പ്രദക്ഷിണത്തില്‍ വേഷമിട്ടത്. ഷൂട്ടിംഗ് കാണാനെത്തിയവര്‍ റോഡിനിരുവശത്തായി നിറഞ്ഞതോടെ കാഴ്ചക്കാര്‍ പ്രദക്ഷിണം വീക്ഷിക്കുന്നവരായി അഭ്രപാളിയിലുമായി.
ജൂബിലി തിരുനാളിന്റെ പട്ടണപ്രദക്ഷിണം അതേപടി വീണ്ടും പുനരാവിഷ്കരിച്ച രീതിയിലായിരുന്നു സിനിമയുടെ സെറ്റ്. ഷൂട്ടിംഗ് കാണാനായി കഴിഞ്ഞ രണ്ടു രാത്രി പാലായില്‍ വന്‍ ജനസഞ്ചയമാണ് എത്തിയത്. വെള്ളിത്തോരണങ്ങളാല് പാലാ നഗരം വീണ്ടും മേലാപ്പണിഞ്ഞിരിക്കുകയാണ്.
പീപ്പിയും പടക്കവും ഉഴുന്നാടയും വറവുകടലയും കരയുന്ന ബലൂണും കൈവിട്ടാല്‍ ഊതി തെറിക്കുന്ന രസഗോളങ്ങളുമൊക്കെയായുള്ള പാലാ നഗരവും ആകാശത്തൊട്ടിലും മരണക്കിണറും ടൂവീലര്‍ ഫാന്‍സിഡ്രസും ടാബ്ലോയും ഒക്കെ പുനരാവിഷ്കരിക്കപ്പെടുന്ന അപൂര്‍വ കാഴ്ച കാണാനായി ദൂരദിക്കില്നിന്നുവരെ ആളുകള്‍ പാലായിലേക്ക് ഒഴുകിയെത്തുകയാണ്.
പ്രദക്ഷിണവും കൂടി, ടൗണ്‍ മഴുവന്‍ നടന്നു ചുറ്റി ഉഴുന്നാടയും ബലൂണുമൊക്കെയായി ജൂബിലിത്തിരുനാള്‍ കൂടി പോകുന്ന അതേ പ്രതീതിയിലായിരുന്നൂ ആളുകളുടെ മടക്കം. ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടത്തിവരാറുള്ള ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും സുരേഷ് ഗോപി അഭിനയിക്കുന്ന രംഗങ്ങളും അടുത്ത ദിവസങ്ങളില്‍ ഷൂട്ട് ചെയ്യും.
പാലായിലുള്ള ദിനങ്ങളിലെല്ലാം പതിവായി പുലര്‍ച്ചെ കുരിശുപള്ളി മാതാവിന്റെ യടുത്തെത്തി തിരികത്തിച്ചു പ്രാര്‍ഥിച്ച് ജീവിതചര്യ ആരംഭിക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിടുന്നത്. സുരേഷ് ഗോപിയെ കൂടാതെ ഇന്ദ്രജിത്ത്, ലാല്‍, ജോണി ആന്റണി, ലാലു അലക്സ് അടക്കമുള്ള വമ്പന്‍ താരനിരയും സിനിമയിലുണ്ട്.
മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയതാണ് സിനിമയുടെ ഷൂട്ടിംഗ് നടപടികള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജൂബിലി തിരുനാളിന്റെ വീഡിയോ ഫുട്ടേജും ഷൂട്ടിംഗിന്റെ ഭാഗമായി എടുത്തിട്ടുണ്ട്. ജൂബിലി തിരുനാളിലെ പാലാക്കാരുടെ വീടുകളിലെ ആഘോഷവും മറ്റും തിരുവനന്തപുരത്ത് സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. പാലാ ജൂബിലി തിരുനാള്‍ ഷൂട്ടിനൊപ്പം പാലായുടെ തനിമയായ മീനച്ചിലാര്‍, പാലാ കത്തീഡ്രല്‍, പാലാ നഗരം എന്നിവയും ചേര്‍പ്പുങ്കല്‍ പള്ളി മൈതാനവും ഷൂട്ട് ചെയ്യുന്നുണ്ട്.