ചങ്ങനാശേരിയിൽ തഹസില്‍ദാറെ നിയമിച്ച് ഉത്തരവിറങ്ങി
1571700
Monday, June 30, 2025 7:17 AM IST
ചങ്ങനാശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ വില്ലേജ് ഓഫീസര്‍മാരുടെ നിയമനം നീളുന്നു
ചങ്ങനാശേരി: ചങ്ങനാശേരി തഹസില്‍ദാരെ നിയമിച്ച് ഉത്തരവിറങ്ങി. ചങ്ങനാശേരി, തൃക്കൊടിത്താനം, കറുകച്ചാൽ വില്ലേജ് ഓഫീസര്‍മാരുടെ നിയമനം നീളുന്നു. പീരുമേട് തഹസില്‍ദാറായിരുന്ന എസ്.കെ. ശ്രീകുമാറിനെയാണ് ചങ്ങനാശേരി തഹസില്‍ദാറായി നയമിച്ചത്. നിലവിലുണ്ടായിരുന്ന തഹസില്‍ദാര്‍ പി.ടി. സുരേഷ്കുമാര്‍ ജൂണ്‍ ഒന്നിന് വിരമിച്ചിരുന്നു.
പകരം ആളെ നിയമിക്കാഞ്ഞതുമൂലം എല്‍എ ഡെപ്യൂട്ടി തഹസില്‍ദാര്‍ നിജു കുര്യനാണ് തഹസില്‍ദാറുടെ താത്കാലിക ചുമതല നിര്‍വഹിച്ചിരുന്നത്. പുതിയ തഹസില്‍ദാറായി നിയമിതനായ എസ്.കെ. ശ്രീകുമാര്‍ പീരുമേട് താലൂക്ക് ഓഫീസില്‍നിന്നു റിലീവ് ചെയ്ത് ചങ്ങനാശേരിയിലെത്തുമ്പോള് ഒരാഴ്ച പിടിക്കുമെന്നാണ് സൂചന.
ചങ്ങനാശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസര്‍മാരെ ഇതുവരെ നിയമിച്ചിട്ടില്ല. ചങ്ങനാശേരി തഹസില്‍ദാറുടെയും താലൂക്കിലെ മൂന്നു വില്ലേജ് ഓഫീസര്‍മാരുടെയും നിയമനം വൈകുന്നതായി കഴിഞ്ഞയാഴ്ച ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍മാരുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഇതില്‍ ഏറെ അപാകതകള്‍ നിറഞ്ഞതിനാല്‍ ഇതു പരിഷ്കരിച്ച് ഇറങ്ങാന്‍ കാലതാമസം നേരിടുമെന്നാണ് സൂചന ലഭിക്കുന്നത്.
ഡെപ്യൂട്ടി തഹസില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചയാളെ ചങ്ങനാശേരി വില്ലേജ് ഓഫീസറായി നിയമിച്ചതുൾപ്പെടെയുള്ള അപാകതകളാണ് നിയമന ഉത്തരവില്‍ കടന്നുകൂടിയത്. മഴക്കാലമായതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട വലിയ ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കുണ്ട്.
വാഴപ്പള്ളി കിഴക്ക്, ചെത്തിപ്പുഴ, നെടുംകുന്നം വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ചങ്ങനാശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ വില്ലേജ് ഓഫീസുകളുടെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. സ്കൂള്‍, കോളജ് പ്രവേശനങ്ങള്‍ക്കായി വേണ്ടിവരുന്ന വരുമാനം, ജാതി, ഇഡബ്ല്യുഎസ്, നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പല സര്‍ട്ടിഫിക്കറ്റുകളും വിദ്യാര്‍ഥികള്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ കാര്യം മുറപോലെ മാത്രം
സര്‍ക്കാര്‍ കാര്യം മുറപോലെ മാത്രമേ നടക്കൂ എന്നു പറയുന്നത് സാധാരണമാണ്. മേയ് 31ന് ഓരോ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിരമിക്കുമെന്ന് സര്‍ക്കാരിന്റെ വിവിധ മേധാവികള്‍ക്ക് അറിയാവുന്നതാണ്. വിരമിക്കുന്നവര്‍ക്കു പകരം ആളെ നിയമിക്കാത്തത് പ്രതിസന്ധികള്‍ക്കിടയാക്കുമെന്നും സര്‍ക്കാരിനറിയാം.
എന്നാല്‍ പ്രമോഷന് നല്‍കിയോ സ്ഥലംമാറ്റം നല്‍കിയോ വിരമിച്ച തസ്തികയില്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികള്‍ ശ്രദ്ധിക്കുകയോ വകുപ്പു മന്ത്രിമാര്‍ ഇതിൽ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതി ഉണ്ട്.