തൊഴിലധിഷ്ഠിത - സംരംഭകത്വ പരിപാടികളുമായി സെന്റ് ഡൊമിനിക്സ് കോളജും ബ്ലോക്ക് പഞ്ചായത്തും
1571717
Monday, June 30, 2025 11:59 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത - സംരംഭകത്വ പരിപാടികള്‍ നടപ്പിലാക്കാൻ തീരുമാനിച്ചു.
ഒരു വിദ്യാര്‍ഥി തന്റെ പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലിചെയ്ത് പഠനത്തിനാവശ്യമായ തുക കണ്ടെത്താനുള്ള തൊഴിലധിഷ്ഠിത പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കുമെന്ന് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി പറഞ്ഞു.
വ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിച്ച എംഎസ്എംബി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുദിവങ്ങളില് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ കോളജ് തലത്തില്‍ ബ്യൂട്ടീഷന്, എംബ്രോയ്ഡറി, ഫുഡ് ടെക്നോളജി, മൊബൈല്‍ സര്‍വീസ് എന്നീ കോഴ്സുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്‍സിപ്പൽ ഡോ. സീമോന്‍ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടഫ്കോ കമ്പനിയുടെ സിഇഒ കെ.സി. സുമോദ് മുഖ്യപ്രഭാഷണം നടത്തി. വ്യവസായവകുപ്പ് ഓഫീസര്‍ കെ.കെ. ഫൈസല്‍ പദ്ധതികള്‍ വിശദീകരിച്ചു. വനിതാ സംരംഭകരായ സഫ്ന അമല്‍, സബി ജോസഫ്, ജിജി തോമസ്, സെറീന, ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ റാണി അല്‍ഫോന്‍സ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളുമായി സംരംഭകര്‍ സംവാദം നടത്തി. വിദ്യാര്‍ഥികളുടെ പുതിയ ആശയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.