തിരുവനന്തപുരത്ത് മാത്രമല്ല, കോട്ടയം മെഡിക്കൽ കോളജിലും രോഗികൾ ദുരിതത്തിൽ
1571853
Tuesday, July 1, 2025 3:19 AM IST
ഗാന്ധിനഗർ: തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമല്ല, കോട്ടയം മെഡിക്കൽ കോളജിലും രോഗികൾക്കു ദുരിതമെന്ന് ആരോപണം. ഡോ. ഹാരിസ് ഹസനെപ്പോലെ ഡോക്ടർമാർ ജനങ്ങൾക്കുവേണ്ടി രംഗത്തുവന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾ നേരിടുന്ന ഗുരുതര പ്രതിസന്ധികൾക്കു പരിഹാരമാകുമെന്നു രോഗികൾ പറയുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം തുടങ്ങി വിവിധ ജില്ലകളിൽനിന്നായി ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ അത്യാധുനിക ചികിത്സാ ഉപകരണങ്ങൾ മിക്കതും തകരാറിലാണ്. വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കാവശ്യമായ മെഷീനുകൾ ലഭ്യമാക്കാത്തതും സാധാരണക്കാരായ രോഗികളെയും ഡോക്ടർമാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
കോടികൾ മുടക്കി പുതിയ സർജറി ബ്ലോക്ക്, കാർഡിയോളജി-കാർഡിയോ തൊറാസിക് വിഭാഗത്തിനു വേണ്ടിയുള്ള പുതിയ ബ്ലോക്ക് എന്നീ ബഹുനില കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. എന്നാൽ, ആശുപത്രിയിലെ നേത്രവിഭാഗത്തിൽ ചികിത്സ തേടുന്ന രോഗികൾ വലിയ ദുരിതം നേരിടുകയാണ്. നേത്രവിഭാഗത്തിലെ ലേസർ, ഒസിടി മെഷീനുകൾ പ്രവർത്തനരഹിതമായിട്ട് ഒരു വർഷമായി. മാധ്യമങ്ങളുൾപ്പെടെ ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ രോഗികളെ ദുരിതക്കയത്തിൽനിന്നു കരകയറ്റാൻ ഒരു ശ്രമവും നടത്തിയിട്ടില്ല.
കണ്ണ് സ്കാൻ ചെയ്യാൻ ഉപയോഗിക്കുന്ന ഒസിടി മെഷീന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ഗുരുതര നേത്രരോഗം ബാധിച്ചവർക്ക് ലേസർ ചികിത്സയിലൂടെ പരിഹാരം കണ്ടെത്താം. കണ്ണിലെ പ്രഷർ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങി വിവിധങ്ങളായ നേത്രരോഗങ്ങൾക്ക് ലേസർ ചികിത്സ ആവശ്യമാണ്.
ആശുപത്രിയിലെ ലേസർ മെഷീൻ ഒരു വർഷമായി പ്രവർത്തനരഹിതമാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ ലേസർ ചികിത്സയുണ്ടെങ്കിലും എല്ലാ ലേസർ ചികിത്സയ്ക്കുമുള്ള ലെൻസ് അവിടെയില്ലെന്ന് പറയുന്നു.
ഒസിടി, ലേസർ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് രോഗികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്. സ്വകാര്യ ആശുപത്രികളിൽ ഒരു തവണ ലേസർ ചെയ്യണമെങ്കിൽ 3000 മുതൽ 4000 രൂപ വരെ നൽകണം.
മെഡിക്കൽ കോളജ് നേത്രവിഭാഗത്തിൽ ഒപി പ്രവർത്തിക്കുന്നുണ്ടെങ്കിലും തുടർപരിശോധനകൾക്ക് സ്വകാര്യ ആശുപത്രിയിൽ പോകണം. ഫണ്ട് അപര്യാപ്തതയാണ് മെഷീനുകൾ നന്നാക്കാത്തതിനു കാരണമെന്നാണ് അധികൃതർ പറയുന്നത്.
മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗം ലാബിലെ ബയോകെമിസ്ട്രി മെഷീൻ അടുത്തിടെ തകരാറിലായിരുന്നു. ഇതേത്തുടർന്ന് വിവിധ രക്തപരിശോധനയ്ക്ക് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിലുള്ളവരും ബന്ധുക്കളും ആശുപത്രിയിലെ സെൻട്രലൈസ്ഡ് ലാബ് പ്രവർത്തിക്കുന്ന പൊടിപാറ ബിൽഡിംഗിൽ പോകണമായിരുന്നു. ഇത് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണികളെയും മറ്റു രോഗികളെയും വലച്ചിരുന്നു. ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിലാകുന്നതും പതിവാണ്.
അത്യാധുനിക ഉപകരണം വാങ്ങാൻ 25 ലക്ഷം അനുവദിച്ചതായി ഫ്രാൻസിസ് ജോർജ്
കോട്ടയം: ആധുനിക പരിശോധനാ സംവിധാനങ്ങൾ ഉള്ളതും മുഴുവൻ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതുമായ കാപ്പിലറി ഇലക്ട്രോഫോറസിസ് ഉപകരണം കോട്ടയം മെഡിക്കൽ കോളജിൽ വാങ്ങുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ കഴിഞ്ഞ 13 വർഷമായി ഉണ്ടായിരുന്ന ഇലക്ട്രോഫോറസിസ് ഉപകരണം പ്രവർത്തനരഹിതമായതിനാൽ പാവപ്പെട്ട രോഗികൾക്കു വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ആധുനിക നിലവാരത്തിലുള്ള ഉപകരണം വാങ്ങുവാൻ തുക അനുവദിച്ചത്.
ഉയർന്ന നിലവാരത്തിലുള്ള ഉപകരണം വാങ്ങി സ്ഥാപിക്കുന്നതിലൂടെ സിറം ഇലക്ട്രോഫോറസിസ് പോലെയുള്ള പരിശോധനകൾ അതിവേഗത്തിലും അത്യന്തം കൃത്യതയോടെയും നടത്തി റിസൾട്ട് ലഭ്യമാക്കുവാൻ കഴിയും. ഈ പരിശോധന നടത്തുന്നതുവഴി രോഗികളിൽ ബോൺമാരോ, ബയോപ്സി പോലുള്ള അതീവ ബുദ്ധിമുട്ടുള്ള പരിശോധനകൾ ഒഴിവാക്കാൻ കഴിയുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ഈ ഉപകരണം ഏറെ പ്രയോജനപ്പെടുമെന്നും ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.