സൂംബ പരിശീലനത്തിന്റെ പേരിലുള്ള വിവാദം അനാവശ്യം: കത്തോലിക്ക കോൺഗ്രസ്
1571716
Monday, June 30, 2025 11:59 PM IST
പൊടിമറ്റം: ലഹരിവിരുദ്ധ കാന്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സൂംബ നൃത്ത പരിശീലനം നടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിർദേശത്തെച്ചൊല്ലി ഉയർന്നിട്ടുള്ള വിവാദങ്ങൾ അനാവശ്യവും അപലപനീയവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്. കത്തോലിക്ക കോൺഗ്രസ് പൊടിമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹാദരവ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൂംബ, എയ്റോബിക്സ്, യോഗ തുടങ്ങിയ കായികഇനങ്ങളെ സദുദ്ദേശ്യപരമായി മാത്രം കണ്ടാൽ മതി. കത്തോലിക്ക കോൺഗ്രസ് പൊടിമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുമാസമായി സൂംബപരിശീലനം വിജയകരമായി നടത്തിവരുന്നുണ്ട്.
യോഗത്തിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ വിജയികളായ പൊടിമറ്റം ഇടവകയിലെ മുഴുവൻ കുട്ടികളെയും പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ അക്കൗണ്ടന്റായി 44 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച തോമസ് കെ. മാണി കിഴക്കേത്തലയ്ക്കലിനെയും ആദരിച്ചു.
വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം അനുഗ്രഹപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ കൊല്ലക്കൊമ്പിൽഅധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, രൂപത വൈസ് പ്രസിഡന്റ് ഡെയ്സി ജോർജുകുട്ടി, പിആർഒ ബോബി കെ. മാണി കിഴക്കേത്തലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.