വേമ്പനാട്ടു കായലിനും കുട്ടനാടിനും സംരക്ഷണ പദ്ധതി
1571429
Sunday, June 29, 2025 11:49 PM IST
കോട്ടയം: വേമ്പനാട്ടു കായല്‍ ശുചീകരണത്തിന്റെ ഭാഗമായി, കോട്ടയം ജില്ലയെ ആലപ്പുഴ ജില്ലയുമായി ജലമാര്‍ഗം ബന്ധിച്ചിരുന്ന ആലപ്പുഴ-ചങ്ങനാശേരി കനാലിലെ മാലിന്യവും പോളയും നീക്കാന്‍ വിപുലമായ പദ്ധതി. ഒന്നാംഘട്ടമായി രാമങ്കരി പഞ്ചായത്ത് പരിധിയില്‍ ഒരു കിലോമീറ്റര്‍ ദൂരം കനാലില്‍നിന്ന് യന്ത്രസഹായത്തോടെ പോള വാരാന്‍ തുടങ്ങി.
ഇതിനായി പഞ്ചായത്ത് 1.12 ലക്ഷം രൂപ അനുവദിച്ചു. കായല്‍ ശുചീകരണം തുടങ്ങിയതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു ഘട്ടമായി 28.72 ടണ്‍ പ്ലാസ്റ്റിക് കായലില്‍നിന്നു വാരിമാറ്റി.
വേമ്പനാട്ടു കായല്‍ വിപുലമായ രീതിയില്‍ ശുചീകരിക്കാനുള്ള വലിയൊരു പദ്ധതി ആലപ്പുഴ ജില്ലാ ഭരണകൂടം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
188.25 കോടിയുടെ പദ്ധതി വിദഗ്ധരുടെ സമിതിയാണു തയാറാക്കിയത്. ജൈവവേലി, മണ്‍ബണ്ട്, ജൈവസംരക്ഷണം, അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജനം തുടങ്ങി ഒട്ടേറെ പദ്ധതികളാണു വിഭാവനം ചെയ്യുന്നത്. ഘട്ടംഘട്ടമായി കുട്ടനാടിനെ ജൈവകൃഷിയിലേക്ക് മാറ്റാനും പദ്ധതി നിര്‍ദേശിക്കുന്നു. നെല്ല്, മത്സ്യം, താറാവ്, പച്ചക്കറി, ഭക്ഷ്യവിളകള്‍ എന്നിങ്ങനെ ബഹുവിഭവകൃഷി ആരംഭിക്കാനും കാര്‍ഷിക കലണ്ടറിന് രൂപം നല്‍കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന കൃഷിരീതി തുടങ്ങാനുമാണ് മറ്റൊരു നിര്‍ദേശം.
ലവണാംശം കുറയ്ക്കാനും മലിനജലം കളയാനും വടയാറിനെ വഴിതിരിച്ച് വെള്ളം എത്തിക്കാനും നിര്‍ദേശിക്കുന്നു. കിഴക്കന്‍ പ്രളയത്തെ ചെറുക്കാനുള്ള സാധ്യതകളും ആരായുന്നു.