ഈ പോക്കു പോയാല്‍ തേങ്ങാവില നൂറു കടക്കും
1571430
Sunday, June 29, 2025 11:49 PM IST
കോട്ടയം: ഈ പോക്കു പോയാല്‍ ഓണത്തിന് മുന്‍പുതന്നെ തേങ്ങാവില നൂറു കടക്കും; ഒരു കിലോ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറു രൂപയും. തേങ്ങാ ചില്ലറ വില 75 രൂപയില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് 80 കടന്ന് ഇന്നലെ 85ലെത്തിയത്. നാളികേരത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ അടുത്തയാഴ്ച 90 രൂപയിലെത്തിയേക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് പായസവും ഉപ്പേരിയും ശര്‍ക്കരവരട്ടിയും അവിയലുമൊമൊക്കെ ഇക്കൊല്ലം കൈപൊള്ളിക്കുമെന്ന് വ്യക്തം.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് തേങ്ങാവരവ് കുറഞ്ഞതാണ് നിലവിലെ പ്രധാന പ്രതിസന്ധി. ലക്ഷദ്വീപില്‍നിന്നും ശ്രീലങ്കയില്‍നിന്നും സര്‍ക്കാര്‍ സഹകരണ ഏജന്‍സികള്‍ നാളികേരം ഇറക്കുമതി ചെയ്യാതെ തേങ്ങാവില പിടിച്ചുനിറുത്താനാകില്ല. വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ചൈന തേങ്ങ ഇറക്കുമതി ചെയ്യുന്നുണ്ട്.
ആന്ധ്ര, തെലുങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്ന് തേങ്ങായെത്തിച്ച് സപ്ലൈകോ വഴി വില്പന നടത്തുകയാണ് നിലവിലെ പോംവഴി. നാളികേരത്തിന് ഏറ്റവും ഡിമാന്‍ഡ് വര്‍ധിക്കുന്നത് സംസ്ഥാനത്ത് ഓണം സീസണിലാണ്. തേങ്ങാക്ഷാമം ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ ഓണത്തിന് വില 125 രൂപവരെയെത്താമെന്ന് വ്യാപാരികള്‍ പറയുന്നു.