പാന്പാടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്കു ഗുരുതര പരിക്ക്
1571860
Tuesday, July 1, 2025 3:21 AM IST
പാമ്പാടി: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൂന്നുപേർ കോട്ടയം മെഡിക്കൽ കോളജിൽ. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ന് കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് കിഴക്കുവശം ചാത്തൻപുരയിടത്ത് അനീഷ് സി. കുര്യാക്കോസിനാണ് ആദ്യം നായയുടെ കടിയേറ്റത്.അനീഷിന്റെ ചുണ്ടിലും മുഖത്തും കൈയിലും കടിയേറ്റു. തുടർന്ന് അമ്പാട്ട് ജോബി കുര്യാക്കോസിന്റെ കാലിൽ കടിച്ച നായ ചുണ്ടിന്റെ ഒരു ഭാഗം കടിച്ചെടുത്ത് കിഴക്കോട്ട് ഓടി. തുടർന്ന് മുളേക്കുന്ന് കിഴക്കയിൽ കെ.എസ്. ചാക്കോയെ (കുഞ്ഞൂട്ടി) കടിച്ചു.
കന്നുവെട്ടി ഭാഗത്ത് കൊല്ലംപറമ്പിൽ ജോസഫ് കുര്യനെ (റ്റിറ്റു) മാന്തിയ നായ വെള്ളറയിൽ മോഹനന്റെ ദേഹത്ത് ചാടിക്കയറി. ചാത്തൻപുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയിൽ മോഹനന്റെയും വീട്ടിലെ കോഴികളെ നായ കടിച്ചുകൊന്നു. ഗുരുതര പരിക്കുകളുള്ള അനീഷും ജോബിയും ചാക്കോയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടി.
പാമ്പാടിയിൽനിന്ന് ആന്റി റാബീസ് വാക്സിനും ടിടിയും എടുത്തശേഷം പരിക്ക് ഗുരുതരമായതിനാലും കഴുത്തിന് മുകളിലായതിനാലും പേവിഷബാധ സംശയിക്കുന്നതിനാലും വിദഗ്ധ പരിശോധനയ്ക്കുശേഷം ഇമ്യൂണോഗ്ലോബിൻ വാക്സിൻ നൽകേണ്ടി വന്നേക്കാമെന്നതിനാൽ അവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു.
പാമ്പാടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സിജു കെ. ഐസക്ക്, കൊല്ലംപറമ്പിൽ റ്റിജു, റ്റിറ്റു, വെള്ളറയിൽ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ നായയെ വിരട്ടിയോടിച്ചു.പഞ്ചായത്ത് മെംബർ സുനിത ദീപുവും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.