തുരുത്തി- മുളയ്ക്കാംതുരുത്തി വഴി ബസില്ല : പറാല്‍, കുമരങ്കരി വഴി, കൃഷ്ണപുരം വരെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും
1572286
Wednesday, July 2, 2025 7:38 AM IST
ചങ്ങനാശേരി: ഡിപ്പോയില്‍നിന്നും പറാല്‍, കുമരങ്കരി വഴി കൃഷ്ണപുരം വരെ ബസ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചതായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചു. തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലും അത്യാവശ്യ സര്‍വീസുകളാണ് നടത്തുന്നത്.
തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതം ദുരിതപൂര്‍ണവും അപകടകരവുമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ ഈ റോഡില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. താത്കാലിക അറ്റകുറ്റപ്പണികളെങ്കിലും നടത്തി ഗതാഗതയോഗ്യമാക്കും വരെ ഈ റൂട്ടില്‍ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടി.
ബസ് നിര്‍ത്തലാക്കിയത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടിനിടയാക്കിയതിനെത്തുടര്ന്ന് ജനപ്രതിനിധികള്‍ കെഎസ്ആര്‍ടിസി അധികൃതരെ നേരില്‍ക്കണ്ട് പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പറാല്‍ വഴിയുള്ള ബസുകള്‍ കൃഷ്ണപുരം വരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. മുളയ്ക്കാംതുരുത്തി മുതല്‍ വാലടിവരെയുള്ള ഭാഗമാണ് വാഹനങ്ങള്‍ ഓടാന്‍ സാധിക്കാത്തവിധം തകര്‍ന്നത്.
നാലു ബസുകള്‍ 64 ട്രിപ്പുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. തകര്‍ന്ന റോഡിലൂടെ ഓടിയ രണ്ടു ബസുകള്‍ അറ്റകുറ്റപ്പണിക്കായി വര്‍ക്ക്ഷോപ്പില്‍ കയറ്റിയിരിക്കുകയാണ്. രണ്ട് കണ്ടക്ടര്‍മാരും ശാരീരിക അസ്വാസ്ഥ്യംമൂലം ചികിത്സയിലാണ്.
റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വെളിയനാട് ബസ് സ്വതന്ത്രമുക്കുവരെയെ സര്‍വീസ് നടത്തുന്നുള്ളു. മുട്ടാര്‍, കളങ്ങര, തായങ്കരി വഴി എടത്വായ്ക്കുള്ള ബസുകളും നിര്‍ത്തലാക്കിയിരിക്കുകയാണ്.
PHOTO
ചെളിക്കുളമായ തുരുത്തി-മുളയ്ക്കാംതുരുത്തി- വാലടി റോഡ്.